കൊച്ചി സ്റ്റേഡിയത്തിനുള്ളത് ഒരേയൊരു കുഴപ്പം മാത്രമെന്നു റിപ്പോർട്ട്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ മേധാവിയുടെ വാക്കുകൾ തള്ളിക്കളഞ്ഞ് ജിസിഡിഎ | Kochi Stadium

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 2014ൽ രൂപീകരിക്കപ്പെട്ട ക്ലബിന് അന്നു മുതൽ തന്നെ വലിയ രീതിയിലുള്ള പിന്തുണ കേരളത്തിലെ ഫുട്ബോൾ ആരാധകരിൽ നിന്നും ലഭിച്ചിരുന്നു. അവിടെ നിന്നുമിങ്ങോട്ട് ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടമായി കേരള ബ്ലാസ്റ്റേഴ്‌സ് മാറുകയുണ്ടായി. ഇന്ത്യൻ സൂപ്പർ ലീഗിലെയും ഇന്ത്യൻ ഫുട്ബോളിലെയും നിർണായകമായ ഒരു ശക്തിയായി പേരെടുക്കാനും അവർക്ക് കഴിഞ്ഞു.

ഈ ആരാധകരുടെ കരുത്തിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി സ്റ്റേഡിയം ഓരോ മത്സരങ്ങളിലും നിറഞ്ഞു കവിയാറുണ്ട്. ആരാധകരുടെ വലിയ രീതിയിലുള്ള പിന്തുണ ഏതൊരു ടീമിനും സന്തോഷമാണെങ്കിലും അതിനൊപ്പം തന്നെ ചെറിയൊരു ആശങ്ക ഉണ്ടായിരുന്നത് കൊച്ചി സ്റ്റേഡിയത്തിന്റെ സുരക്ഷയെക്കുറിച്ചായിരുന്നു. കാലപ്പഴക്കമുള്ള സ്റ്റേഡിയം ആരാധകർ ആഹ്ലാദപ്രകടനം നടത്തുമ്പോൾ കുലുങ്ങുന്നതും ചോരുന്നതുമെല്ലാം ഈ ആശങ്കകൾ വർധിപ്പിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിന്റെ ഉദ്ഘാടനമത്സരം കൊച്ചിയിൽ വെച്ചാണ് നടന്നത്. ആ മത്സരം കാണാനെത്തിയ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ മേധാവിയായ വിൻഡ്‌സർ ജോൺ കൊച്ചി സ്റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്‌നങ്ങൾ ഒരു പരിപാടിക്കിടയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമങ്ങളിലൂടെ പുറത്തു വന്ന ഈ വാർത്തയ്ക്ക് കൊച്ചി സ്റ്റേഡിയത്തിന്റെ സംരക്ഷണച്ചുമതലയുള്ള ഗ്രെയ്റ്റർ കൊച്ചി ഡെവലപ്പ്മെന്റ് അതോറിറ്റി മറുപടി നൽകിയത് സ്റ്റേഡിയത്തിനു യാതൊരു തകരാറും ഇല്ലെന്നാണ്.

“ഇതിനെക്കുറിച്ച് മാധ്യമങ്ങളിൽ വന്നതല്ലാതെ ഞങ്ങൾക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഐഐടി മദ്രാസിലെ വിദഗ്‌ധരുടെ സഹായത്തോടെ സ്‌റ്റേഡിയത്തെക്കുറിച്ചു ഞങ്ങൾ നടത്തിയ വിലയിരുത്തൽ പ്രകാരം, കാലപ്പഴക്കവും അതിനെ തുടർന്നുണ്ടാകുന്ന ചോർച്ചയും കാരണം മേൽക്കൂരയിലെ ഡ്രെയിനേജ് സിസ്റ്റത്തിന് ചില പ്രശ്‌നങ്ങളുണ്ട് എന്നല്ലാതെ സ്റ്റേഡിയത്തിന് ഘടനാപരമായ പ്രശ്‌നങ്ങളൊന്നുമില്ല. ഈ പ്രശ്‌നം ഇതിനകം തന്നെ അഭിസംബോധന ചെയ്യപ്പെട്ടതുമാണ്.”

“ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇപ്പോൾ നടക്കുന്ന ഐ‌എസ്‌എൽ സീസൺ അവസാനിക്കുന്നതിന് മുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ സാധ്യതയുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് എഎഫ്‌സി ഭാരവാഹി ആശങ്ക ഉന്നയിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുന്ന സമയത്തെല്ലാം ഘടനാപരമായ അറ്റകുറ്റപ്പണികൾ പതിവായി നടക്കുന്നുണ്ട്. പാൻഡെമിക് സമയത്തൊഴികെ എല്ലാ ജോലികളും മുടങ്ങാതെ നടത്തിയിട്ടുമുണ്ട്.” ജിസിഡിഎ വൃത്തങ്ങൾ പറഞ്ഞു.

GCDA Rules Out Structural Issues To Kochi Stadium