“ഇന്ത്യൻ ഫുട്ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ ഊർജ്ജം നൽകുന്ന മറ്റൊരിടമില്ല”- പ്രശംസയുമായി പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരവേദികളിലെല്ലാം ഉറച്ച പിന്തുണയുമായെത്തുന്ന ആരാധകർക്ക് പ്രശംസയുമായി പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലെ ഫുട്ബോൾ ക്ലബുകളിൽ നിന്നും വ്യത്യസ്‌തമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾക്ക് കൂടുതൽ കാണികൾ എത്താറുണ്ട്. അതിനു പുറമെ അവർ ആവേശകരമായ പിന്തുണ സ്റ്റേഡിയത്തിൽ നൽകാനും ശ്രമിക്കുന്നു. ഇത് എതിരാളികൾക്കെതിരെ മേധാവിത്വം നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ വളരെ സഹായിക്കുന്നുണ്ട്.

ഇന്ത്യൻ ഫുട്ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ ഊർജ്ജം നൽകുന്ന മറ്റൊരു ഇടം വേറെയില്ല, അതു വളരെ പ്രത്യേകതയുള്ള കാര്യമാണ്. ഞങ്ങളുടെ ഹോം മത്സരങ്ങൾ എവേ മത്സരങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്‌തമാണ്‌. സ്വന്തം മൈതാനത്ത് കളിക്കുമ്പോൾ ഞങ്ങൾ കൂടുതൽ നൽകേണ്ടതുണ്ട്. വളരെ കൃത്യതയോടെ, ആക്രമണോത്സുകത കാണിച്ച്, പെട്ടന്നു തന്നെ അവസരങ്ങൾ ഉണ്ടാക്കിയെടുക്കണം. ഇത് ഹോം മത്സരങ്ങളിൽ കൂടുതൽ കരുത്ത് നൽകുന്നു. ആരാധകരുടെ പിന്തുണയുണ്ടെങ്കിൽ ഈ താരങ്ങൾ തളരാതെ, ഊർജ്ജം പോകാതെ കളിച്ചു കൊണ്ടിരിക്കും.” അദ്ദേഹം പറഞ്ഞു.

ഈ സീസണിൽ ഏഴു മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഹോം മത്സരങ്ങളിൽ കളിച്ചപ്പോൾ അതിൽ അഞ്ചെണ്ണത്തിലും ടീമിന് വിജയം നേടാൻ കഴിഞ്ഞു. രണ്ടു മത്സരങ്ങളിലെ തോൽവി സീസണിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് പതറിയ സമയത്തുണ്ടായതാണ്. ആദ്യത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് വിജയിച്ച ടീം പിന്നീട് മൂന്നു മത്സരങ്ങൾ തുടർച്ചയായി തോറ്റിരുന്നു. ഇതിൽ മുംബൈ സിറ്റി, എടികെ മോഹൻ ബഗാൻ എന്നീ ടീമുകൾക്കെതിരെ നടന്ന മത്സരങ്ങൾ സ്വന്തം മൈതാനത്തായിരുന്നു. എന്നാൽ അതിനു ശേഷം പിന്നീട് നടന്ന നാല് ഹോം മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയം നേടി.

അതേസമയം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് നിർണായകമായ അടുത്ത മത്സരം സ്വന്തം മൈതാനത്തല്ല നടക്കുന്നത്. ഇന്ത്യൻ സൂപ്പർലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റിക്കെതിരായ മത്സരം അവരുടെ മൈതാനത്താണ് നടക്കുന്നത്. ഈ സീസണിൽ രണ്ടു ടീമുകളും മുൻപ് ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് മുംബൈ നേടിയത്. അതിനു പകരം വീട്ടുകയും പോയിന്റ് ടേബിളിൽ മുന്നേറ്റമുണ്ടാക്കി ഷീൽഡിനു വേണ്ടിയുള്ള പോരാട്ടത്തിന് കരുത്തു പകരുകയും ചെയ്യേണ്ടത് ബ്ലാസ്‌റ്റേഴ്‌സിന് ആവശ്യമാണ്.

കഴിഞ്ഞ എട്ടു മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും തോൽവി നേരിട്ടിട്ടില്ലാത്ത കേരള ബ്ലാസ്റ്റേഴ്‌സ് അതിൽ ഏഴെണ്ണത്തിലും വിജയം നേടുകയും ചെയ്‌തു. മികച്ച പ്രകടനം നടത്തുന്നതിനൊപ്പം മനോഹരമായ ഫുട്ബോൾ കളിക്കാനും അവർക്ക് കഴിയുന്നു. മുംബൈയിൽ അടുത്ത മത്സരത്തിനിറങ്ങുമ്പോൾ മലയാളികളായ ആരാധകർ ടീമിന് പിന്തുണയുമായി മൈതാനത്ത് ഉണ്ടാകുമെന്ന പ്രതീക്ഷ ടീമിനുണ്ട്.