ആരാധകരെ ആവേശത്തിലാക്കിയ അവസാന മിനുട്ടുകൾ പരിഭ്രമമുണ്ടാക്കി, ജംഷഡ്‌പൂരിനെതിരായ മത്സരത്തെക്കുറിച്ച് ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങുകയാണ് ചെയ്‌തത്. ജംഷഡ്‌പൂരിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഓരോ ഗോൾ വീതമടിച്ച് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു. ഇതോടെ പ്ലേ ഓഫ് പൂർണമായും ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒന്നുകൂടി കാത്തിരിക്കേണ്ടി വരും.
ആദ്യപകുതിയിൽ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ ജംഷഡ്‌പൂരിന് മുൻതൂക്കം ഉണ്ടായിരുന്നു. രണ്ടാം പകുതി വിരസമായിരുന്നെങ്കിലും അവസാന മിനുട്ടുകൾ ആവേശം നിറഞ്ഞതായിരുന്നു. രണ്ടു ടീമുകൾക്കും മത്സരം സ്വന്തമാക്കാൻ സുവർണാവസരം ലഭിച്ചപ്പോൾ ഗോൾകീപ്പർമാർ രക്ഷകരായി. മത്സരത്തിന് ശേഷം അതേക്കുറിച്ച് ഇവാൻ വുകോമനോവിച്ച് സംസാരിക്കുകയും ചെയ്‌തു.
🗣️ "The players did their best today. They ran their socks off."@KeralaBlasters head coach @ivanvuko19 reacts to #JFCKBFC 🔥#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #IvanVukomanovic
— Indian Super League (@IndSuperLeague) March 30, 2024
“ടീമിലെ താരങ്ങൾ മോശം തീരുമാനം എടുക്കുന്നത് ഒരു പരിശീലകൻ എന്ന നിലയിൽ സന്തോഷം നൽകുന്നതല്ല. പ്രത്യേകിച്ചും അവസാന പത്ത് മിനിറ്റുകളിൽ ടീം കുറേക്കൂടി മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്യേണ്ട ഒരുപാട് നിമിഷങ്ങൾ ഉണ്ടായിരുന്നു. ഒന്നുമില്ലായ്‌മയിൽ നിന്നും എതിരാളികൾക്ക് അവസരങ്ങൾ തുറന്നെടുക്കാൻ വഴിയൊരുക്കുന്ന പിഴവുകളാണ് നമ്മൾ അപ്പോൾ നടത്തിയത്.”
“മത്സരം നമ്മുടെ നിയന്ത്രണത്തിൽ തന്നെയായിരുന്നു, ഒരു ഗോൾ നേടാനും ഉറപ്പായും കഴിയുമായിരുന്നു. ഒരു പരിശീലകനെന്ന നിലയിൽ പുറത്തിരുന്ന് ഇതൊക്കെ കാണുന്നത് രസമുള്ള കാര്യമല്ല, അത് പരിഭ്രമം ഉണ്ടാക്കുന്നുണ്ട്. അതേസമയം മറ്റൊരു വശത്തു നിന്നും ചിന്തിക്കുമ്പോൾ ആ നിമിഷങ്ങൾ ആരാധകരിൽ ആവേശമുണ്ടാക്കി, കാരണം അവസരങ്ങൾ തുറന്നെടുക്കുന്നതാണ് അവർ കാണുന്നത്.” ഇവാൻ പറഞ്ഞു.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ രണ്ടു വമ്പൻ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്. ഫെഡോർ ചെർണിച്ചിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തു പോയതിനു പുറമെ ദിമിത്രിയോസിന്റെ ഒരു ക്ലോസ് റേഞ്ച് ഷോട്ട് ടിപി രഹനേഷ് രക്ഷപ്പെടുത്തുകയും ചെയ്‌തു. മറുവശത്ത് ജംഷഡ്‌പൂരിനു ലഭിച്ച ഒരവസരം ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറും വിഫലമാക്കി.
Ivan Vukomanovic On Missed Chances Against JFC