കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയാകാൻ കഴിയില്ല, ഐഎസ്എല്ലിലേക്ക് തിരിച്ചു വരാനുള്ള ഓഫർ നിരസിച്ച് ഇവാനാശാൻ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. കിരീടങ്ങളൊന്നും നേടിത്തരാൻ കഴിഞ്ഞില്ലെങ്കിലും സ്ഥിരതയില്ലാത്ത പ്രകടനം നടത്തിയിരുന്ന ടീമിന്റെ ഗ്രാഫ് വളരെയധികം ഉയർത്താൻ സ്ലോവേനിയൻ പരിശീലകന്റെ കാലഘട്ടം വളരെയധികം സഹായിച്ചിട്ടുണ്ട്.

ആരാധകരുമായും മികച്ച ബന്ധമാണ് ഇവാനാശാനുള്ളത്. അതുകൊണ്ടു തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടാലും ഇന്ത്യയിലെ മറ്റൊരു ടീമിനെ പരിശീലിപ്പിക്കാനുള്ള സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഐഎസ്എല്ലിലേക്ക് തിരിച്ചുവരാനുള്ള ഓഫർ അദ്ദേഹം നിരസിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.

തുടർച്ചയായ തോൽവികൾ കാരണം ഈസ്റ്റ് ബംഗാൾ പരിശീലകനായിരുന്ന കാർലസ് കുവാദ്രത് കഴിഞ്ഞ ദിവസം പരിശീലകസ്ഥാനം രാജി വെച്ചിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി ഇവാൻ വുകോമനോവിച്ചിനെ നിയമിക്കാൻ ഈസ്റ്റ് ബംഗാൾ ശ്രമം നടത്തിയെന്നാണ് ഫീൽഡ് വിഷൻ റിപ്പോർട്ട് ചെയ്യുന്നത്.

ഇവാൻ വുകോമനോവിച്ചിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ഈസ്റ്റ് ബംഗാൾ നടത്തിയിരുന്നു. എന്നാൽ കൊൽക്കത്ത ക്ലബിന്റെ ആദ്യത്തെ ഓഫർ തന്നെ സ്ലോവേനിയൻ പരിശീലകൻ നിരസിക്കുകയാണ് ചെയ്‌തത്‌. ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയാകാൻ ആശാനു താൽപര്യമില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

കഴിഞ്ഞ സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ഇവാൻ വുകോമനോവിച്ച് ഇതുവരെ മറ്റൊരു ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഇനിയും ഐഎസ്എൽ ക്ലബുകൾ അദ്ദേഹത്തിനായി ശ്രമം നടത്താനുള്ള സാധ്യതയുണ്ട്.