ലൂണയുടെ മുൻ ക്ലബിൽ നിന്നും ഗോൾമെഷീൻ ഐഎസ്എല്ലിലേക്ക്, ദിമിയുടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സിലെത്തുമോ | Jamie Maclaren

ഇന്ത്യൻ സൂപ്പർ ലീഗ് അവസാന ഘട്ടത്തിൽ എത്തിയതോടെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തി പ്രാപിച്ചിട്ടുണ്ട്. നിരവധി ക്ലബുകൾ അവരുടെ ടീമിനെ അടുത്ത സീസണിലേക്ക് മികച്ചതാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു. നിലവിൽ ട്രാൻസ്‌ഫറുകൾ ഒന്നും പൂർത്തിയായിട്ടില്ലെങ്കിലും നിരവധി താരങ്ങളെയും ക്ലബുകളെയും ചേർത്തുള്ള അഭ്യൂഹങ്ങൾ പുറത്തു വരാനും തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം ഓസ്‌ട്രേലിയൻ ലീഗിൽ മെൽബൺ സിറ്റിയുടെ താരമായ ജെമീ മക്‌ലാറൻ അടുത്ത സീസണിൽ ഐഎസ്എല്ലിലേക്ക് ചേക്കേറും. മുപ്പതുകാരനായ സ്‌ട്രൈക്കർ ഏതു ക്ലബിലേക്കാണ് ചേക്കേറുകയെന്ന കാര്യത്തിൽ നിലവിൽ വ്യക്തത ലഭിച്ചിട്ടില്ലെങ്കിലും കരാർ അവസാനിക്കുന്ന താരത്തിന്റെ അടുത്ത ലക്‌ഷ്യം ഐഎസ്എൽ ആണെന്ന് അഭ്യൂഹങ്ങൾ പറയുന്നു.

ജെമീ മക്‌ലാറൻ ഐഎസ്എല്ലിലേക്ക് വരുന്നുവെന്ന വാർത്ത പുറത്തു വരുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷയും ഉയരുന്നുണ്ട്. ഈ സീസണോടെ കരാർ പൂർത്തിയാകുന്ന ദിമിത്രിയോസിനു പുതിയ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിട്ടില്ല. ദിമിത്രിയോസിനു പകരക്കാരനായി സെൻട്രൽ ഫോർവേഡ് സ്ഥാനത്തേക്ക് മക്‌ലാറനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമോയെന്നതാണ് ആരാധകരുടെ പ്രതീക്ഷ.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷയുണ്ടാകാനുള്ള പ്രധാന കാര്യം മക്‌ലാറൻ കളിക്കുന്നത് അഡ്രിയാൻ ലൂണയുടെ മുൻ ക്ലബായ മെൽബൺ സിറ്റിക്ക് വേണ്ടിയാണെന്നതാണ്. 2019 മുതൽ മെൽബൺ സിറ്റിയുടെ താരമായ മക്‌ലാറൻ അഡ്രിയാൻ ലൂണക്കൊപ്പം കളിച്ചിട്ടുണ്ട്. 2019 മുതൽ രണ്ടു വർഷം മെൽബൺ സിറ്റിക്ക് വേണ്ടി കളിച്ചതിനു ശേഷമാണ് ലൂണ ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്.

ലൂണ വഴി മക്‌ലാറൻ ബ്ലാസ്റ്റേഴ്‌സിൽ എത്തുമോയെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉറ്റു നോക്കുന്നത്. മിന്നും സ്‌ട്രൈക്കറായ മക്‌ലാറൻ മെൽബൺ സിറ്റിക്ക് വേണ്ടി 141 മത്സരങ്ങളിൽ നിന്നും 103 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ പത്ത് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. ഓസ്‌ട്രേലിയൻ ദേശീയ ടീമിനായി 31 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും താരം നേടിയിട്ടുണ്ട്.

Jamie Maclaren Likely Join An ISL Club