സൂപ്പർകപ്പ് തോൽവിക്കു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് താരം ബെംഗളൂരു എഫ്‌സിയിലേക്ക് | Kerala Blasters

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന സീസണാണ് ഇത്തവണ ഉണ്ടായത്. ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫിൽ ബെംഗളുരുവിനോട് തോൽവി വഴങ്ങി പുറത്തായ ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം സൂപ്പർകപ്പിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തു പോയിരുന്നു. ബെംഗളൂരു എഫ്‌സിയുമായുള്ള അവസാന ഗ്രൂപ്പ് മത്സരം സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തായത്.

ഈ സീസണിൽ സാധ്യമായ രണ്ടു കിരീടങ്ങൾ നേടുന്നതിൽ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞത് ബെംഗളൂരുവാണ്. അതിനു പുറമെ ഐഎസ്എൽ പ്ലേ ഓഫിൽ ഛേത്രി നേടിയ വിവാദഗോൾ നൽകിയ മുറിവ് ആരാധകർക്ക് ഇപ്പോഴും മാറിയിട്ടില്ല. എന്നാൽ ബെംഗളൂരുവിനോടുള്ള വൈരി ആരാധകർക്കു മാത്രമാണെന്നും ടീമിലെ താരങ്ങളെ അതൊന്നും ബാധിക്കുന്നില്ലെന്നുമാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായകനായ ജെസ്സൽ അടുത്ത സീസണിൽ ബെംഗളൂരു എഫ്‌സിക്കായി കളിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രതിരോധനിരയിൽ കളിക്കുന്ന താരവുമായി ബെംഗളൂരു എഫ്‌സി ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ടു വർഷത്തെ കരാർ ഓഫർ ജെസ്സലിനു മുന്നിൽ വെച്ചിട്ടുണ്ടെന്ന് ഖേൽ നൗ ആണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.

പരിക്ക് കാരണം ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർകപ്പ് സ്‌ക്വാഡിൽ നിന്നും ജെസ്സൽ പുറത്തു പോയിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി താരം അവസാനത്തെ മത്സരം കളിച്ചു കഴിഞ്ഞെന്നും അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്നും നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ബെംഗളൂരു താരത്തിനായി ഓഫർ നൽകിയതോടെ ജെസ്സൽ അടുത്ത സീസണിൽ ബെംഗളുരുവിന്റെ ജേഴ്‌സിയിൽ ഇറങ്ങിയേക്കും.

ഈ സീസണിൽ പത്തൊൻപതു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ജെസ്സൽ കളിക്കാനിറങ്ങി. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിന്റെ ക്യാപ്റ്റൻ ആംബാൻഡ്‌ അണിഞ്ഞിരുന്നത് താരമായിരുന്നു. നാല് വർഷം മുൻപ് ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു ശേഷം 63 മത്സരങ്ങളിൽ ടീമിനായി കളിച്ച താരം പുറത്തു പോകുന്നതോടെ അഡ്രിയാൻ ലൂണ ടീമിന്റെ നായകനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Kerala Blasters Player Jessel Carneiro To Join Bengaluru FC