“ആത്മാർത്ഥത വിട്ടു കളിക്കാനാവില്ല”- അൽ നസ്‌റിന്റെ ഓഫർ തള്ളി അർജന്റീനിയൻ പരിശീലകൻ | Al Nassr

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അൽ നസ്ർ പരിശീലകനായ റൂഡി ഗാർസിയയെ പുറത്താക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ സമനില വഴങ്ങി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് വീണതിന് പിന്നാലെയാണ് അദ്ദേഹം ടീമിൽ നിന്നും പുറത്തായത്. ഇപ്പോൾ പുതിയ പരിശീലകന് വേണ്ടിയുള്ള ശ്രമങ്ങൾ അൽ നസ്ർ ആരംഭിച്ചിരിക്കുകയാണ്.

അതിനിടയിൽ അൽ നസ്റിനെ പരിശീലിപ്പിക്കാനുള്ള ഓഫർ തനിക്ക് വന്നിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അർജന്റീനിയൻ മാനേജർ അന്റോണിയോ മൊഹമ്മദ്. നിലവിൽ മെക്‌സിക്കൻ ക്ലബായ പുമാസിന്റെ പരിശീലകനായ അദ്ദേഹം ഈ ഓഫർ നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ അതിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്തി.

“ഞാൻ അൽ നസ്‌റുമായി നാല് തവണ സംസാരിച്ചിരുന്നു, കഴിഞ്ഞ ദിവസം രാവിലെ ഞാൻ എന്റെ ക്ലബിൽ എത്തിയപ്പോൾ സൗദി ക്ലബിന്റെ സിഇഓയിൽ നിന്നും ഒരു വിളി വന്നിരുന്നു. റൂഡി ഗാർസിയയെ പുറത്താക്കിയ ഒഴിവിലേക്ക് എന്നെ എത്തിക്കാൻ അവർക്ക് താല്പര്യമുണ്ടെന്നാണ് ഫോണിലൂടെ അവർ പറഞ്ഞത്, വലിയ തുകയാണ് അവർ പ്രതിഫലമായി വാഗ്‌ദാനം ചെയ്‌തതും.”

“എന്നാൽ എനിക്ക് പുമാസിനോട് കടപ്പാടുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു. അത് വിശ്വസ്ഥതയുടെ കൂടി കാര്യമാണ്. ഒരു ടീമിന്റെ പരിശീലകനായിരിക്കെ മറ്റൊരു ടീമിലേക്ക് ഞാൻ ഒരിക്കലും ചേക്കേറുകയില്ല. ഞാൻ പുമാസിലേക്ക് എത്തിയത് തന്നെ ഒരുപാട് കാര്യങ്ങൾക്ക് വേണ്ടിയാണ്.” കഴിഞ്ഞ ദിവസം ടിവി ആസ്ടെകയോട് സംസാരിക്കുമ്പോൾ അന്റോണിയോ മൊഹമ്മദ് പറഞ്ഞു.

2004 മുതൽ പരിശീലകനായ അന്റോണിയോ മൊഹമ്മദ് നിരവധി ക്ളബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഈ വർഷം പുമാസിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുത്ത അദ്ദേഹത്തിന് കീഴിൽ പന്ത്രണ്ടാം സ്ഥാനത്താണ് ടീം നിൽക്കുന്നത്. അതേസമയം പുതിയ പരിശീലകനെ കണ്ടെത്താനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങൾ അൽ നസ്ർ നടത്തുന്നുണ്ട്. യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകരെയും അവർ ലക്ഷ്യമിടുന്നു.

Content Highlights: Argentine Manager Reject Al Nassr Offer