റൊണാൾഡോയെ പരിശീലിപ്പിക്കാൻ സിദാൻ, വമ്പൻ തുക വാഗ്‌ദാനം | Al Nassr

ഏതാനും ദിവസങ്ങൾക്ക് മുൻപാണു സൗദി ക്ലബായ അൽ നസ്ർ അവരുടെ പരിശീലകൻ റൂഡി ഗാർസിയയെ പുറത്താക്കിയത്. ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് വീണത് അതിന്റെ കാരണമായി പറയുന്നുണ്ടെങ്കിലും ക്രിസ്റ്റിനോ റൊണാൾഡോ അടക്കമുള്ള ഡ്രസിങ് റൂമിലെ താരങ്ങളുമായി ഇടഞ്ഞത് കൊണ്ടാണ് അദ്ദേഹം പുറത്തു പോയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്തായാലും ഇതുവരെ റൂഡി ഗാർസിയക്ക് പകരക്കാരനെ അൽ നസ്ർ ടീമിൽ എത്തിച്ചിട്ടില്ല. നിരവധി പരിശീലകരുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതുവരെയും ഒരാളുടെയും കാര്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായിട്ടില്ല. സൗദിയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ പ്രകാരം അവർ നോട്ടമിടുന്ന പരിശീലകരിൽ സിനദിൻ സിദാനുമുണ്ട്.

പുറത്തു വരുന്ന വാർത്തകൾ പ്രകാരം വമ്പൻ തുകയാണ് സിനദിൻ സിദാനു വേണ്ടി അൽ നസ്ർ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. രണ്ടു സീസണിലേക്കായി 120 മില്യൺ യൂറോ അവർ നൽകാനൊരുക്കമാണ്. ലയണൽ മെസിക്ക് പോലും ഇത്രയും പ്രതിഫലം ഉണ്ടാകില്ല. റയൽ മാഡ്രിഡിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, സിദാൻ കൂട്ടുകെട്ടിനെ അൽ നസ്‌റിലെത്തിച്ച് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനാണ് അവർ ശ്രമിക്കുന്നത്.

അതേസമയം സിദാൻ അൽ നാസറിന്റെ ഓഫർ സ്വീകരിക്കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇപ്പോഴും യൂറോപ്പിലെ വിവിധ ക്ലബുകളിൽ നിന്നും സിദാന് ഓഫറുകളുണ്ട്. എന്നാൽ ഒരു ക്ലബിനെയും അദ്ദേഹം ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. യൂറോപ്പിലെ വമ്പൻ ലീഗുകളിൽ നിന്നും ഓഫറുള്ളപ്പോൾ സൗദി പോലൊരു രാജ്യത്തേക്ക് സിദാൻ ചേക്കേറുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.

നിലവിൽ ഡിങ്കോ ജേലിസിച്ചിനാണ്‌ അൽ നസ്‌റിന്റെ ചുമതലയുള്ളത്. സൗദി യൂത്ത് ടീമിന്റെ മുൻ പരിശീലകനായിരുന്നു അദ്ദേഹം. എന്നാൽ എത്രയും പെട്ടന്ന് ഒരു വമ്പൻ പരിശീലകനെ എത്തിക്കാനാണ് അൽ നസ്ർ ശ്രമിക്കുന്നത്. നിലവിൽ 23 മത്സരങ്ങൾ ലീഗിൽ പൂർത്തിയായപ്പോൾ അൽ ഇത്തിഹാദുമായി മൂന്നു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ.

Content Highlights: Al Nassr Want Zinedine Zidane As Coach