ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ് എമിലിയാനോ മാർട്ടിനസ്, വിമർശകരെല്ലാം മാളത്തിൽ | Emiliano Martinez

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയുടെ ഹീറോയാകുന്ന പ്രകടനം നടത്തി കിരീടം സ്വന്തമാക്കിയെങ്കിലും അതിനു ശേഷം കടുത്ത വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന താരമാണ് എമിലിയാനോ മാർട്ടിനസ്. ലോകകപ്പിലെ വിജയത്തിന് ശേഷം ഫൈനലിൽ ഹാട്രിക്ക് നേടിയ ഫ്രഞ്ച് താരം എംബാപ്പെക്കെതിരെ നടത്തിയ കളിയാക്കലുകളുടെ പേരിലാണ് എമിലിയാനോ മാർട്ടിനസ് കടുത്ത വിമർശനങ്ങൾ ഏറ്റു വാങ്ങിയത്.

ലോകകപ്പിന് ശേഷം പിന്നീട് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ അതിരുവിട്ട പ്രവൃത്തികൾക്ക് എമിലിയാനോ മാർട്ടിനസ് ക്ഷമാപണം നടത്തിയിരുന്നു. എംബാപ്പെയോട് എക്കാലവും ബഹുമാനമാണുള്ളതെന്നും താരം പറഞ്ഞെങ്കിലും അർജന്റീനയുടെ എതിർപക്ഷത്തു നിൽക്കുന്നവർ താരത്തിന് നേരെ വിമർശനം തുടർന്നു. എമിലിയാനോ മാർട്ടിനസ് മത്സരത്തിൽ വരുത്തുന്ന ഓരോ പിഴവിനെയും അവർ ആഘോഷമായക്കി.

എന്നാൽ ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായ എമിലിയാനോ മാർട്ടിനസ് ഒരിക്കലും വിമർശനങ്ങൾക്ക് നേരെ ശിരസ്സ് കുനിക്കാൻ തയ്യാറല്ലായിരുന്നു. പ്രീമിയർ ലീഗിലെ വമ്പൻ ടീമുകളിൽ ഒന്നല്ലെങ്കിലും ആസ്റ്റൺ വില്ലക്കായി മിന്നുന്ന പ്രകടനമാണ് താരം നടത്തുന്നത്. സ്റ്റീവൻ ജെറാർഡിനെ പുറത്താക്കി ഉനൈ എമറി പരിശീലകനായി എത്തിയതോടെയാണ് അർജന്റീന താരത്തിന്റെ ഫോം കുതിച്ചു കയറിയത്.

ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും ടീമിനായി മികച്ച പ്രകടനം നടത്തിയ താരം ക്ലീൻഷീറ്റ് സ്വന്തമാക്കിയിരുന്നു. ഇതോടെ കഴിഞ്ഞ എട്ടു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും ആറു ക്ലീൻ ഷീറ്റുകളാണ് എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കിയത്. ഇരുപത്തിയൊമ്പതു സേവുകൾ നടത്തിയ താരം ഈ മത്സരങ്ങളിൽ ആകെ വഴങ്ങിയത് രണ്ടു ഗോളുകൾ മാത്രമാണ്.

എമിലിയാനോ മാർട്ടിനസിന്റെ ഈ ഫോമിന് പരിശീലകൻ ഉനെ എമറിക്കും നന്ദി പറയേണ്ടതുണ്ട്. അദ്ദേഹം വിയ്യാറയലിൽ നിന്നും ആസ്റ്റൺ വില്ലയിൽ എത്തുന്ന സമയത്ത് ടീം തരം താഴ്ത്തൽ മേഖലയിൽ കിടക്കുകയായിരുന്നു. എന്നാലിപ്പോൾ അവസാനത്തെ എട്ടു മത്സരങ്ങളിൽ ഏഴെണ്ണത്തിലും വിജയിച്ച ആസ്റ്റൺ വില്ല പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. ഈ സീസണിൽ ടോപ് ഫോറിൽ അവർ എത്തിയാലും അത്ഭുതപ്പെടാൻ കഴിയില്ല.

Content Highlights: Emiliano Martinez Stunning Form With Aston Villa