ലയണൽ മെസിയുടെ ഒരൊറ്റ ഗോളിൽ വഴിമാറിയത് രണ്ട് ഫുട്ബോൾ ഇതിഹാസങ്ങളുടെ നേട്ടങ്ങൾ | Lionel Messi

ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തു പോയതിനു ശേഷം ക്ലബ്ബിന്റെ ആരാധകർ ലയണൽ മെസിക്കെതിരെ തിരിഞ്ഞത് വാർത്തയായിരുന്നു. എന്നാൽ ആരാധകർ തനിക്കെതിരെ പ്രതിഷേധം ഉയർത്തുമ്പോഴും ലയണൽ മെസി മികച്ച പ്രകടനമാണ് ക്ലബിന് വേണ്ടി ഓരോ മത്സരത്തിലും നടത്തുന്നത്. ലെൻസിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും മെസിയത് തുടരുകയുണ്ടായി.

ഇന്നലെ നടന്ന മത്സരത്തിൽ ടീമിന്റെ മൂന്നാമത്തെ ഗോൾ നേടിയത് ലയണൽ മെസിയാണ്. എംബാപ്പയുമായി വൺ ഓൺ വൺ നീക്കങ്ങൾ നടത്തിയതിനു ശേഷം മികച്ചൊരു ഫിനിഷിംഗിലൂടെ വലയിലെത്തിച്ച ഗോൾ മനോഹരമായ ഒന്നായിരുന്നു. ഈ സീസണിൽ മെസി ഫ്രഞ്ച് ലീഗിൽ നേടുന്ന പതിനഞ്ചാമത്തെ ഗോളാണ് ലെൻസിനെതിരെ പിറന്നത്. പതിനാലു അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെ ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങളുടെ റെക്കോർഡ് ലയണൽ മെസി മറികടന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ നേടിയ ഗോളിന്റെ എന്നതിനൊപ്പമെത്തിയ മെസി ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായതെന്ന പെലെയുടെ റെക്കോർഡും മറികടന്നു.

ടോപ് ഫൈവ് ലീഗുകളിൽ റൊണാൾഡോ 495 ഗോളുകൾ നേടിയത് 626 മത്സരങ്ങളിൽ നിന്നാണ്. ഈ റെക്കോർഡിനൊപ്പം മെസിയെത്തിയത് 572 മത്സരങ്ങൾ കളിച്ചാണ്. റൊണാൾഡോയെ അപേക്ഷിച്ച് മെസിക്കുള്ള മുൻ‌തൂക്കം ഈ കണക്കുകൾ വ്യക്തമാക്കി തരുന്നു. അതേസമയം പെലെ 1003 ഗോളുകളിൽ കരിയറിൽ പങ്കാളിയായപ്പോൾ ഇന്നലത്തെ ഗോളോടെ മെസി 1004 ഗോളുകളിലാണ് കരിയറിൽ പങ്കാളിയായത്.

യൂറോപ്പിൽ ലയണൽ മെസി ഇനിയും കുറച്ചു വർഷങ്ങൾ കൂടി തുടരുമെന്ന പ്രതീക്ഷയുള്ളതിനാൽ നിരവധി റെക്കോർഡുകൾ താരം ഇനിയും തകർക്കും എന്നുറപ്പാണ്. എന്നാൽ അടുത്ത സീസണിൽ താരം ഏതു ക്ലബിലാണ് കളിക്കുകയെന്ന കാര്യത്തിൽ തീർച്ചയായിട്ടില്ല. പിഎസ്‌ജി വിടാനാഗ്രഹിക്കുന്ന താരം ബാഴ്‌സയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകളുള്ളത്.

Content Highlights: Lionel Messi Break Pele, Cristiano Ronaldo Records