ലോകകപ്പിൽ ഒതുങ്ങില്ല, രണ്ടു വമ്പൻ കിരീടങ്ങൾ കൂടി ലക്ഷ്യമിട്ട് ഹൂലിയൻ അൽവാരസ് | Julian Alvarez

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിൽ ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത് ടീമിൽ സ്ഥിരസാന്നിധ്യമായി മാറിയ താരമാണ് ഹൂലിയൻ അൽവാരസ്. ലയണൽ സ്‌കലോണിയുടെ പ്രധാന സ്‌ട്രൈക്കറായിരുന്ന ലൗടാരോ മാർട്ടിനസ് മോശം ഫോമിലേക്ക് വീണതാണ് അൽവാരസിനു അവസരം ലഭിക്കാൻ കാരണമായത്. നാല് ഗോളുകൾ നേടി തന്റെ മേൽ അർപ്പിച്ച വിശ്വാസത്തിനു പകരം നൽകാൻ താരത്തിന് കഴിയുകയും ചെയ്‌തു.

ഈ സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ ഹൂലിയൻ അൽവാരസിന് അപൂർവമായ ഒരു നേട്ടം സ്വന്തമാക്കാൻ അവസരമുണ്ട്. എർലിങ് ഹാലാൻഡിന് കീഴിൽ പകരക്കാരനായാണ് മത്സരങ്ങളിൽ ഇറങ്ങുന്നതെങ്കിലും അവസരം ലഭിക്കുമ്പോഴെല്ലാം തന്റെ മികവ് കാണിക്കാനും ഗോളുകൾ നേടാനും കഴിയുന്ന താരത്തിനു ഇത്തവണ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം രണ്ടു കിരീടങ്ങൾ കൂടി നേടാൻ അവസരമുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗുമാണ് ഈ സീസണിൽ ഹൂലിയൻ അൽവാരസിനു മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം നേടാൻ സാധ്യതയുള്ളത്. ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കു വഹിച്ചതിനു പുറമെ ഈ രണ്ടു കിരീടങ്ങൾ കൂടി സ്വന്തമാക്കിയാൽ അർജന്റീന താരത്തെ സംബന്ധിച്ച് അത് സമാനതകളില്ലാത്ത ഒരു റെക്കോർഡായിരിക്കും. ഒരു സീസണിൽ ഇത്രയും പ്രധാന കിരീടങ്ങൾ നേടിയ താരങ്ങൾ ഫുട്ബോൾ ലോകത്ത് അപൂർവമാണ്.

പ്രീമിയർ ലീഗിൽ ആഴ്‌സണലിന് തൊട്ടു പിന്നിലാണ് മാഞ്ചസ്റ്റാർ സിറ്റി നിൽക്കുന്നത്. 31 മത്സരങ്ങളിൽ സിറ്റിക്ക് 74 പോയിന്റുള്ളപ്പോൾ 30 മത്സരങ്ങളിൽ 70 പോയിന്റുമായി സിറ്റി തൊട്ടു പിന്നിൽ നിൽക്കുന്നു. അടുത്ത മത്സരത്തിൽ വിജയിച്ചാൽ രണ്ടു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറയും. ആഴ്‌സണലിന് ഇനി മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു മത്സരം ബാക്കിയുള്ളത് ഇതിൽ നിർണായകമാകും.

ചാമ്പ്യൻസ് ലീഗിൽ ആദ്യകിരീടം ഇത്തവണ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ സിറ്റിയുള്ളത്. ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കിയ അവർ രണ്ടാം പാദത്തിനു മുൻപേ തന്നെ സെമി ഫൈനൽ ഉറപ്പിച്ചത് പോലെയാണ് നിൽക്കുന്നത്. സെമിയിൽ കടന്നാൽ റയൽ മാഡ്രിഡ് ആയിരിക്കും മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികളായി വരിക.

അൽവാരസിനെ സംബന്ധിച്ച് റിവർപ്ലേറ്റിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ലോകകപ്പ് നേട്ടത്തിന് പുറമെ ഈ കിരീടങ്ങൾ കൂടി സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് ചരിത്രമായി മാറും. ആകെയൊരു പോരായ്‌മ പകരക്കാരനായാണ് കൂടുതലും ഇറങ്ങുന്നതെന്നാണ്. എന്നാൽ താരം ക്ലബ് വിടാനുള്ള സാധ്യത വളരെ കുറവാണ്.

Content Highlights: Julian Alvarez Aims To Win UCL And EPL After World Cup