മൗറീന്യോ വീണ്ടും ചെൽസി പരിശീലകസ്ഥാനത്തേക്ക്, സാധ്യതകൾ വർധിക്കുന്നു | Jose Mourinho
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച പരിശീലകരെ എടുത്തു നോക്കിയാൽ അതിൽ ആദ്യ സ്ഥാനങ്ങളിൽ ഉണ്ടാകുന്ന പരിശീലകനാണ് ഹോസെ മൗറീന്യോ. കഴിഞ്ഞ ഏതാനും വർഷങ്ങളായി പറയാൻ കാര്യമായ നേട്ടങ്ങളൊന്നും ഇല്ലെങ്കിലും തനിക്ക് വേണ്ട താരങ്ങളെ ലഭിച്ച്, അവരെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി നൽകാൻ കഴിവുള്ള പരിശീലകനാണ് അദ്ദേഹമെന്നതിൽ യാതൊരു തർക്കവുമില്ല.
ടോട്ടനം ഹോസ്പർ പരിശീലകസ്ഥാനത്തു നിന്നും പോയതിനു ശേഷം ഇപ്പോൾ ഇറ്റാലിയൻ ക്ലബായ റോമയിലാണ് മൗറീന്യോ പരിശീലകനായുള്ളത്. റോമയെ മികച്ച പ്രകടനത്തിലേക്ക് നയിക്കുന്ന അദ്ദേഹത്തിന് കീഴിൽ ടീം കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ ടോപ് ഫോറും ചാമ്പ്യൻസ് ലീഗ് യോഗ്യതയുമാണ് അദ്ദേഹത്തിനു കീഴിൽ റോമ ലക്ഷ്യമിടുന്നത്.
🚨 José Mourinho is ready to leave Roma for some clubs, including Chelsea and PSG.
— Transfer News Live (@DeadlineDayLive) April 12, 2023
Roma are open to a departure from their coach. 🇮🇹🇵🇹
(Source: @Santi_J_FM) pic.twitter.com/CrUlNqzDUf
ദീർഘകാല പദ്ധതികളുടെ ഭാഗമായാണ് മൗറീന്യോ റോമയിൽ എത്തിയതെങ്കിലും ഈ സീസണ് ശേഷം അദ്ദേഹം ഇറ്റലിയിൽ തുടരാനുള്ള സാധ്യത കുറവാണെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം രണ്ടു ടീമുകളുടെ വിളി വന്നാൽ അദ്ദേഹം റോമ വിടും. ചെൽസി, പിഎസ്ജി എന്നീ ടീമുകളുടെ ഓഫർ വന്നാലാണ് മൗറീന്യോ റോമ വിടുക.
ഈ രണ്ടു ടീമുകളും പുതിയ പരിശീലകരെ അടുത്ത സീസണിൽ നിയമിക്കും എന്നുറപ്പാണ്. ഈ സീസണിൽ രണ്ടു പരിശീലകരെ പുറത്താക്കിയ ചെൽസി നിലവിൽ ഫ്രാങ്ക് ലാംപാർഡിനെ താൽക്കാലിക പരിശീലകനായി നിയമിച്ചിരിക്കയാണ്. ലംപാർഡ് അത്ഭുതങ്ങൾ കാണിച്ചില്ലെങ്കിൽ ഉറപ്പായും ചെൽസി പുതിയ പരിശീലകനെ നിയമിക്കും. മൗറീന്യോയിൽ അവർക്ക് താത്പര്യവുമുണ്ട്.
സമാനമായ സാഹചര്യമാണ് പിഎസ്ജിയിലും. വമ്പൻ താരങ്ങളുണ്ടെങ്കിലും ഈ സീസണിൽ ലീഗ് കിരീടം മാത്രമാണ് പിഎസ്ജിക്ക് പ്രതീക്ഷയുള്ളത്. അത് നേടിയാലും ഇല്ലെങ്കിലും ഗാൾട്ടിയാർ പുറത്തു പോകുമെന്ന കാര്യത്തിൽ സംശയമില്ല. അങ്ങിനെ സംഭവിച്ചാൽ മൗറീന്യോയെയും പരിഗണിക്കാൻ സാധ്യതയുണ്ട്. എന്തായാലും പോർച്ചുഗീസ് പരിശീലകന്റെ വരവ് രണ്ടു ടീമുകൾക്കും ഗുണം ചെയ്യാനുള്ള സാധ്യതയുണ്ട്.
Content Highlights: Jose Mourinho Will Leave AS Roma For Chelsea And PSG