ആ താരം നിസാരക്കാരനല്ല, തകർപ്പൻ ഫ്രീ കിക്ക് ഗോളുകളുമായി ഞെട്ടിച്ച് ഇമ്മാനുവൽ ജസ്റ്റിൻ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലനത്തിൽ ഇതുവരെ സ്‌ക്വാഡിനൊപ്പം കണ്ടിട്ടില്ലാത്ത ഒരു വിദേശതാരത്തിന്റെ സാന്നിധ്യം ആരാധകർ നേരത്തെ തന്നെ ശ്രദ്ധിച്ചതാണ്. ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നതിൽ ഈ താരവും ഉണ്ടായിരുന്നു. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയൊരു വിദേശതാരത്തെ സ്വന്തമാക്കിയെന്ന അഭ്യൂഹങ്ങൾ ഉയർന്നു വന്നെങ്കിലും അതല്ല യാഥാർത്ഥ്യമെന്ന് പിന്നീട് വന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമായി.

നൈജീരിയ അണ്ടർ 20 ദേശീയ ടീമിൽ അംഗമായ ഇമ്മാനുവൽ ജസ്റ്റിൻ ആണ് ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം പരിശീലനം നടത്തുന്ന വിദേശതാരം. ട്രയൽസിനു വേണ്ടിയാണ് താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേർന്നിരിക്കുന്നത്. പ്രീ സീസൺ ക്യാമ്പ് അവസാനിക്കുന്നത് വരെ താരം ക്ലബിനൊപ്പം ഉണ്ടാകും. മികച്ച പ്രകടനം നടത്തി കോച്ചിങ് സ്റ്റാഫുകളുടെ മതിപ്പ് നേടാനായാൽ താരത്തെ സ്ഥിരം കരാറിൽ ടീമിലെത്തിക്കുന്ന കാര്യം ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കും.

എന്തായാലും ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള ട്രയൽസിൽ മികച്ച പ്രകടനമാണ് ജസ്റ്റിൻ നടത്തുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസം താരം മുൻപ് പരിശീലനം നടത്തുന്നതിനിടെ ഫ്രീ കിക്ക് ഗോളുകൾ നേടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഡിഫൻസീവ് വോളിനെ നിഷ്പ്രയാസം മറികടന്ന് രണ്ടു ഫ്രീ കിക്ക് ഗോളുകൾ നേടുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നത്. ഇത് ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്നുണ്ട്.

നമ്പർ 9 പൊസിഷനിൽ കളിക്കുന്ന താരമായ ജസ്റ്റിൻ സ്വാഭാവികമായി ഗോളുകൾ നേടാൻ കഴിവുള്ള സ്‌ട്രൈക്കറാണ്. വേഗതയും മികച്ച ശാരീരികക്ഷമതയുമുള്ള താരം അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ട പ്രൊഫൈൽ ഉള്ള കളിക്കാരൻ തന്നെയാണ്. യുവതാരമായതിനാൽ താരത്തിന്റെ കഴിവുകൾ കൂടുതൽ വികസിപ്പിച്ചെടുക്കാനും കഴിയും. അതുകൊണ്ടു തന്നെ മികച്ച പ്രകടനം നടത്തി കോച്ചിങ് സ്റ്റാഫുകളുടെ മതിപ്പ് നേടാൻ താരത്തിന് കഴിയട്ടെ എന്നാണു ആരാധകരുടെ പ്രതീക്ഷ.

Justine FreeKick Goals In Kerala Blasters Trials