“റൊണാൾഡോ എവിടെപ്പോയാലും അവിടേക്ക് മികച്ച താരങ്ങൾ വരും”- വിമർശകർക്കെതിരെ തിരിഞ്ഞ് പോർച്ചുഗൽ നായകൻ | Ronaldo

ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ നിരാശപ്പെടുത്തി പുറത്തായതിന് പിന്നാലെയാണ് ടീമിന്റെ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത്. ചരിത്രത്തിൽ തന്നെ ഏറ്റവുമധികം തുക പ്രതിഫലമായി വാങ്ങുന്ന താരമായി മാറിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിൽ എത്തിയത്. കഴിഞ്ഞ സീസണിൽ കിരീടങ്ങളൊന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം അൽ നസ്‌റിനായി നടത്താൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.

റൊണാൾഡോക്ക് പിന്നാലെ നിരവധി താരങ്ങൾ ഈ സമ്മറിൽ സൗദി അറേബ്യയിലേക്ക് ചേക്കേറിയിട്ടുണ്ട്. സൗദി ക്ലബുകൾ വാഗ്‌ദാനം ചെയ്യുന്ന വമ്പൻ പ്രതിഫലത്തിനു പുറമെ ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ ഒരു താരം വന്നതിന്റെ ഭാഗമായി സൗദി ലീഗിന് ആഗോളതലത്തിൽ ലഭിച്ച സ്വീകാര്യതയും അതിനു കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രീ സീസൺ മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അതേക്കുറിച്ച് സംസാരിക്കുകയുണ്ടായി.

“സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള എന്റെ തീരുമാനം മറ്റുള്ള മികച്ച താരങ്ങൾ ഇവിടേക്ക് വരുന്നതിൽ നിർണായകമാണ്, അതൊരു സത്യമാണ്. ഞാൻ യുവന്റസിലേക്ക് ചേക്കേറുന്ന സമയത്ത് സീരി എ മരിച്ചു കിടക്കുകയായിരുന്നു, ഞാനെത്തിയതിനു ശേഷം അത് പുനരുജ്ജീവിക്കപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാൾഡോ എവിടേക്ക് പോയാലും അവിടെ വലിയൊരു താൽപര്യം ഉണ്ടാകുന്ന കേന്ദ്രമായി മാറും.” റൊണാൾഡോ മാധ്യമങ്ങളോട് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ പൂർണമായും തള്ളിക്കളയാൻ ആർക്കും കഴിയില്ല. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ വമ്പൻ താരങ്ങളുടെ ഒഴുക്കാണ് സൗദി ക്ലബുകളിലേക്ക് ഉണ്ടായിരിക്കുന്നത്. ബാലൺ ഡി ഓർ ജേതാവായ കരിം ബെൻസിമ, ലോകകപ്പ് നേടിയ എൻഗോളോ കാന്റെ എന്നിവർക്ക് പുറമെ ഫിർമിനോ, കൂളിബാളി, എഡ്വേർഡ് മെൻഡി തുടങ്ങി നിരവധി മികച്ച താരങ്ങളാണ് സൗദിയിൽ എത്തിയിരിക്കുന്നത്. ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ഇനിയും താരങ്ങൾ അവിടെയെത്തുമെന്നും ഉറപ്പാണ്.

Ronaldo Says His Decision To Join Al Nassr Crucial To Bring Top Players To Saudi