പ്രതിരോധവും മധ്യനിരയും ഈ കാലുകളിൽ ഭദ്രം, ബ്ലാസ്റ്റേഴ്‌സിലേക്ക് സെർബിയൻ കരുത്തെത്തുന്നു | Kerala Blasters

കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രതിരോധനിര താരമായ മാർകോ ലെസ്‌കോവിച്ച്. 2021 മുതൽ ടീമിനൊപ്പമുള്ള അദ്ദേഹം തന്റെ ജോലി വളരെ ഭംഗിയായി ചെയ്യുന്ന താരമാണ്. ക്രൊയേഷ്യയിലെ മുൻനിര ക്ലബുകളിൽ ഒന്നായ ഡൈനാമോ സാഗ്രബിൽ നിന്നും ടീമിലെത്തിയ അദ്ദേഹം ക്രൊയേഷ്യൻ ദേശീയ ടീമിന് വേണ്ടിയും ഏതാനും മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്.

വളരെയധികം പരിചയസമ്പന്നനായ ലെസ്‌കോവിച്ചിന് കൂട്ടായി പ്രതിരോധത്തിലേക്ക് പുതിയൊരു വിദേശതാരത്തെക്കൂടി ബ്ലാസ്റ്റേഴ്‌സ് എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിനുള്ള നീക്കങ്ങൾ ശക്തമായി നടത്തുന്ന അവർ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന്റെ നാടായ സെർബിയയിൽ നിന്നു തന്നെ താരത്തെ കണ്ടെത്തിയെന്നാണ് ബ്ലാസ്റ്റേഴ്‌സ് സംബന്ധമായ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ പുറത്തു വിടുന്ന മാക്‌സിമസ് ഏജന്റ് വെളിപ്പെടുത്തുന്നത്.

സെർബിയൻ ക്ലബായ റാഡ്ക്കിനിക്കി നിസിന്റെ താരമായിരുന്ന സ്റ്റെഫാൻ മാർഹനോവിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഇക്കഴിഞ്ഞ സീസണോടെ കരാർ അവസാനിച്ച താരം നിലവിൽ ഫ്രീ ഏജന്റാണ്. ബ്ലാസ്റ്റേഴ്‌സ് സജീവമായ ചർച്ചകൾ താരത്തെ ടീമിലെത്തിക്കാൻ നടത്തുന്നുണ്ട്. പ്രതിരോധത്തിലും മധ്യനിരയിലും താരത്തിന് കളിക്കാൻ കഴിയുമെന്നത് അടുത്ത സീസണിൽ ക്ലബിനൊരു മുതൽക്കൂട്ടായി മാറും.

മാർഹനോവിച്ചിനെ സ്വന്തമാക്കാൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞാൽ അതൊരു വലിയ നേട്ടമാകും. നിലവിൽ മികച്ച താരങ്ങളുള്ള പ്രതിരോധം അതോടെ കൂടുതൽ ശക്തമാകും. അതിനു പുറമെ ഇവാൻ കലിയുഷ്‌നി ക്ലബ് വിട്ടതോടെ ഒഴിഞ്ഞു കിടക്കുന്ന ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷൻ കവർ ചെയ്യാൻ കഴിയുന്ന ഒരു താരത്തെ ടീമിന് ലഭിക്കും. ഇരുപത്തിയെട്ടുകാരനായ താരത്തിന് വളരെയധികം പരിചയസമ്പത്തുണ്ട്.

Kerala Blasters In Talks To Sign Stefan Marjanovic