“താൻ അനശ്വരമാക്കിയ പൊസിഷൻ ആധുനിക ഫുട്ബോളിൽ ഇല്ലാതാവുന്നു”- പറയുന്നത് ബ്രസീലിയൻ ഇതിഹാസം

ഫുട്ബോൾ ലോകം കണ്ട മികച്ച താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ താരമായ കക്ക. എസി മിലാൻ, റയൽ മാഡ്രിഡ് എന്നീ വമ്പൻ ക്ലബുകൾക്ക്‌ വേണ്ടി കളിക്കുകയും ബാലൺ ഡി ഓർ അടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്‌തിട്ടുള്ള കക്ക ബ്രസീലിനൊപ്പവും കിരീടനേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. മിഡ്‌ഫീൽഡിനും അറ്റാക്കിങ് ലൈനിനും ഇടയിലുള്ള സ്‌പേസ് കൃത്യമായി ഉപയോഗപ്പെടുത്തി കളിക്കുന്ന നമ്പർ 10 പൊസിഷൻ അനശ്വരമാക്കിയിട്ടുള്ള താരം അതുകൊണ്ടു തന്നെ ഇപ്പോഴും ആരാധകരുടെ മനസ്സിൽ ജീവിക്കുന്നു. എന്നാൽ താൻ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള ആ പൊസിഷൻ കായികശേഷിക്ക് ഊന്നൽ നൽകുന്ന ആധുനിക ഫുട്ബോളിൽ ഇല്ലാതാവുകയാണെന്നാണ് കക്ക പറയുന്നത്.

“അതു നഷ്‌ടപ്പെടുകയാണെന്നല്ല, അതു പൂർണമായും നഷ്‌ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മറ്റു പല കാര്യങ്ങൾക്കൊപ്പം പ്രതിരോധവും പൂർണമായി പുരോഗമിച്ചു കഴിഞ്ഞിട്ടുണ്ട് എന്നതിനാൽ മൈതാനത്തിന്റെ മധ്യത്തിൽ യാതൊരു ഇടവും അവശേഷിക്കുന്നില്ല.” കക്ക പറഞ്ഞത് സ്‌പാനിഷ്‌ മാധ്യമം മാർക്ക റിപ്പോർട്ടു ചെയ്‌തു. നമ്പർ 10 പൊസിഷന് അതിന്റെ ഏറ്റവും മികച്ച രൂപം കളിക്കളത്തിൽ നൽകിയ കക്ക തനിക്ക് ആധുനിക ഫുട്ബോളിൽ ഏതു പൊസിഷനിലാണ് കളിക്കാൻ കഴിയുകയെന്ന് അറിയില്ലെന്നും അതിനൊപ്പം കൂട്ടിച്ചേർത്തു. ആധുനിക ഫുട്ബോളിൽ തനിക്ക് സമാനമായൊരു താരത്തെ കണ്ടെത്താനും കഴിയില്ലെന്നാണ് കക്ക പറയുന്നത്.

“എല്ലാറ്റിലുമുപരിയായി പൊസിഷനുകൾ മാറിയിട്ടുണ്ട്. ഞാൻ നിരവധി വർഷങ്ങൾ മിലാനിൽ ഒരു മധ്യനിര താരമായി കളിച്ചു. ബോക്‌സ് ടു ബോക്‌സ് മിഡ്‌ഫീൽഡർമാർ വന്നതിലൂടെ അതു പരിണമിച്ചു. ഈ കായികപരമായ ഫുട്ബോളിൽ ഞാൻ ഏതു പൊസിഷനിൽ കളിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോൾ ഇടതുഭാഗത് ആയിരിക്കാം, അതോ ബോക്‌സ് ടു ബോക്സോ ആവാം.” കക്ക പറഞ്ഞു. താൻ യുവേഫയുടെ കോച്ചിങ് ലൈസൻസ് നേടാനുള്ള കോഴ്‌സ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും താരം പറഞ്ഞു.

തന്റെ കരിയറിൽ ആൻസലോട്ടി, മൗറീന്യോ, അല്ലെഗ്രി എന്നീ പരിശീലകരുടെ കീഴിൽ പ്രവർത്തിച്ചിട്ടുള്ള കക്ക റോൾ മോഡലായി തിരഞ്ഞെടുത്തത് നിലവിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിയെയാണ്. 2003 മുതൽ 2009 വരെ അദ്ദേഹത്തിനു കീഴിൽ എസി മിലാനിൽ കളിച്ചിട്ടുള്ള കക്ക തന്റെ ഏറ്റവും മികച്ച വർഷങ്ങൾ ഇറ്റാലിയൻ പരിശീലകനു കീഴിലാണെന്നും ഒരു പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിനുണ്ടാകുന്ന പരിണാമം വളരെ താൽപര്യം സൃഷ്‌ടിക്കുന്ന കാര്യമാണെന്നും വെളിപ്പെടുത്തി.

ബ്രസീലിന്റെ ഇതിഹാസതാരമായ കക്ക ഫുട്ബോൾ ലോകത്ത് എട്ടു കളിക്കാർക്കു മാത്രം സ്വന്തമായ അപൂർവമായ നേട്ടത്തിന്റെ ഉടമകൂടിയാണെന്നത് ഇതിനൊപ്പം പറയാതിരിക്കാൻ കഴിയില്ല. ലോകകപ്പ്, ചാമ്പ്യൻസ് ലീഗ്, ബാലൺ ഡി ഓർ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ എട്ടു താരങ്ങളിൽ ഒരാളാണ് കക്ക. കളിക്കളത്തിലെ സൗമ്യമായ പെരുമാറ്റവും മികച്ച വ്യക്തിത്വവും കക്കയെ എതിരാളികളുടെ വരെ പ്രിയപ്പെട്ട താരമാക്കി മാറ്റിയിരുന്നു.