മെസിയുടെ റെക്കോർഡിനെ ബഹുദൂരം പിന്നിലാക്കാൻ പോന്ന കുതിപ്പുമായി എർലിങ് ഹാലൻഡ്

യൂറോപ്യൻ ഫുട്ബാളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ ആരാണെന്നു ചോദിച്ചാൽ ഏവരും സംശയമില്ലാതെ പറയുന്ന മറുപടി എർലിങ് ബ്രൂട്ട് ഹാലൻഡ് എന്നായിരിക്കും. ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിൽ കളിക്കുന്ന സമയത്തു തന്നെ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയ താരം പിന്നീട് ബൊറൂസിയ ഡോർട്ട്മുണ്ടിലും തിളങ്ങിയിരുന്നു. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ താരം അവിടെയും തന്റെ ഗോൾവേട്ട തുടർന്ന് പുതിയ റെക്കോർഡുകൾ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്.

ആർബി സാൽസ്ബർഗിലും ബൊറൂസിയ ഡോർട്ട്മുണ്ടിലും തിളങ്ങിയ എർലിങ് ബ്രൂട്ട് ഹാലാൻഡ് പ്രീമിയർ ലീഗിൽ ചുവടുറപ്പിക്കാൻ ബുദ്ധിമുട്ടുമെന്നു നിരവധി പേർ കരുതിയിരുന്നെങ്കിലും അതിനെല്ലാം തന്റെ ബൂട്ടുകൾ കൊണ്ടാണ് നോർവീജിയൻ താരം മറുപടി നൽകുന്നത്. ഈ സീസണിൽ പത്തു മത്സരങ്ങൾ മാത്രം കളിച്ചപ്പോൾ തന്നെ പതിനാലു ഗോളുകൾ ഹാലൻഡ് നേടിക്കഴിഞ്ഞു. പ്രീമിയർ ലീഗിൽ ഏഴു മത്സരങ്ങളിൽ നിന്നും പതിനൊന്നും ചാമ്പ്യൻസ് ലീഗിൽ രണ്ടു മത്സരങ്ങളിൽ നിന്നും മൂന്നും ഗോളുകൾ താരം നേടി. കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിലാണ് ഹാലാൻഡിനു ഗോൾ നേടാൻ കഴിയാതിരുന്നത്.

ഈ സീസണിൽ എർലിങ് ഹാലൻഡ് കാഴ്‌ച വെക്കുന്ന ഗോളടിവേട്ട സാക്ഷാൽ ലയണൽ മെസിയുടെ റെക്കോർഡിനു തന്നെ ഭീഷണിയുയർത്തുന്ന ഒന്നാണ്. ഒരു സീസണിൽ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡ് നിലവിൽ ലയണൽ മെസിയുടെ പേരിലാണുള്ളത്. 2011-2012 സീസണിൽ 73 ഗോളുകൾ നേടിയാണ് മെസി ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. എന്നാൽ നിലവിൽ ഹാലാൻഡ് നടത്തുന്ന ഗോൾവേട്ട അതുപോലെ തുടർന്നാൽ ഈ റെക്കോർഡ് പഴങ്കഥയാകുമെന്നു മാത്രമല്ല, നോർവീജിയൻ താരം ബഹുദൂരം മുന്നിലെത്തുകയും ചെയ്യും.

ഹാലൻഡിനെ ഇതുവരെയുള്ള ഗോൾവേട്ട കണക്കിലെടുക്കുമ്പോൾ ഒരു മത്സരത്തിൽ 1.4 ഗോളുകൾ നേടാൻ താരത്തിന് കഴിയുന്നുണ്ട്. ഇതുപോലെ തന്നെ മുന്നോട്ടു പോകാൻ കഴിഞ്ഞാൽ ഈ സീസണിൽ ബാക്കിയുള്ള 54 മത്സരങ്ങളിൽ നിന്നും 76 ഗോളുകൾ നേടാൻ താരത്തിന് കഴിയും. അതിനു പുറമെ ഇപ്പോൾ നേടിയ ഗോളുകളുടെ എണ്ണവും കണക്കിലാക്കി നോക്കിയാൽ ഈ സീസണിൽ തന്റെ ഗോളുകളുടെ എണ്ണം 90 ആയി വർധിപ്പിക്കാൻ താരത്തിന് കഴിയും. ഇതു നടപ്പിലാവാൻ പരിക്കൊന്നുമില്ലാതെ താരം ഈ സീസൺ പൂർത്തിയാക്കേണ്ടതുണ്ട്.

പരിക്കിന് പുറമെ സസ്‌പെൻഷൻ, ചില മത്സരങ്ങളിൽ വിശ്രമം അനുവദിക്കൽ, സിറ്റി ഓരോ ടൂർണമെന്റിലെ എത്ര മുന്നോട്ടു പോകും എന്നതെല്ലാം ഹാലൻഡിന്റെ ഗോൾവേട്ടയെ ബാധിക്കുന്ന ഘടകങ്ങളാണ്. എങ്കിലും ഹാലാൻഡിന്റെ ബൂട്ടുകൾ ഈ സീസണിൽ ഒരുപാട് ഗോളുകൾ അടിച്ചു കൂട്ടുമെന്നും അത് നിരവധി റെക്കോർഡുകൾ തകർക്കുമെന്നുമുള്ള കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല. നിലവിൽ നോർവേ ക്യാമ്പിലുള്ള താരം ഒക്ടോബർ രണ്ടിനാണ് പ്രീമിയർ ലീഗ് മത്സരത്തിൽ കളത്തിലിറങ്ങുക.