“അവർ മികച്ച രീതിയിൽ കളിക്കുന്ന വലിയ ടീമാണ്”- ലോകകപ്പിലെ എതിരാളികളെക്കുറിച്ച് ലയണൽ മെസി

ഖത്തർ ലോകകപ്പിന് ഇനി രണ്ടു മാസത്തിൽ താഴെ മാത്രം സമയം ബാക്കി നിൽക്കെ കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്ന് ലയണൽ മെസി നായകനായ അർജന്റീനയാണ്. കോപ്പ അമേരിക്ക, ഫൈനലൈസിമ കിരീടങ്ങൾ നേടിയതിനു പുറമെ 34 മത്സരങ്ങളായി പരാജയം അറിയാതെയുള്ള കുതിപ്പും അർജന്റീനയുടെ സാധ്യതകൾ വർധിക്കാൻ കാരണമായി. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് അർജന്റീനയുള്ളത്.

അർജന്റീന മികച്ച ഫോമിലാണ് കളിക്കുന്നതെങ്കിലും ലോകകപ്പിൽ തങ്ങളുടെ എതിരാളികളായി വരുന്ന ടീമുകളെ അവരൊരിക്കലും വിലകുറച്ച് കാണുന്നില്ല. കഴിഞ്ഞ ദിവസം ടീമിന്റെ നായകനായ ലയണൽ മെസി ഗ്രൂപ്പിലെ എതിരാളികളായ മെക്‌സിക്കോയെ കുറിച്ചു പറഞ്ഞ വാക്കുകൾ ഇതു വ്യക്തമാക്കുന്നു. ലോകകപ്പിൽ എതിരാളികളായി വരുന്ന ടീമുകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ലയണൽ മെസി മെക്‌സിക്കോയെ പ്രശംസിച്ചത്.

“വിജയത്തോടെ തുടങ്ങുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനു ശേഷം വരുന്നത് മെക്‌സിക്കോയാണ്, മികച്ച എതിരാളിയും ഫുട്ബോൾ നല്ല രീതിയിൽ കളിക്കുന്ന ടീമുമാണവർ. ഞങ്ങൾ ഇതിനു മുൻപ് അവരെ ലോകകപ്പിൽ പലതവണ നേരിട്ടിട്ടുള്ളതിനാൽ തന്നെ അവർ നല്ല രീതിയിൽ കളിക്കുന്നവരാണെന്ന് അറിയാം. എന്നാൽ അതിനെക്കുറിച്ച് ഞങ്ങൾ കൂടുതൽ ചിന്തിക്കുന്നില്ല. ഓരോരോ മത്സരങ്ങളെ അഭിമുഖീകരിക്കുകയാണു വേണ്ടത്. ഞങ്ങൾ മികച്ചൊരു ടീമിനെ ഇറക്കണമെന്നാണ് കരുതുന്നത്, വളരെ കരുത്തുറ്റ ടീമിന് ഓരോ മത്സരവും എങ്ങിനെ കളിക്കണമെന്ന് അറിയാം.”

“കോപ്പ അമേരിക്ക കിരീടം നേടാൻ കഴിഞ്ഞതാണ് വലിയ വ്യത്യാസം. ലോകകപ്പ് വളരെയധികം ബുദ്ധിമുട്ടുള്ളതാണ്, ചെറിയ ടീമുകൾക്കു വരെ ടൂർണമെന്റിൽ നിന്നും ഞങ്ങളെ പുറത്താക്കാൻ കഴിയും. എന്നാൽ ഈ ടീം ഇവിടെയെത്തിയത് എല്ലാ ടീമുമായും മത്സരിക്കാനും അവരെ തോൽപ്പിക്കാനുമാണ്.” ടിയുഡിഎന്നിനോട് സംസാരിക്കുമ്പോൾ ലയണൽ മെസി പറഞ്ഞു.

23 വിജയങ്ങളും 11 സമനിലയുമടക്കം 34 മത്സരങ്ങൾ പരാജയമറിയാതെ കുതിക്കുന്ന അർജന്റീന വരാനിരിക്കുന്ന സൗഹൃദമത്സരത്തിൽ ജമൈക്കയെ നേരിടാൻ ഒരുങ്ങുകയാണ്. അതിൽ വിജയിച്ചാൽ ഏറ്റവുമധികം മത്സരങ്ങൾ അപരാജിതരായി കുതിക്കുന്ന രണ്ടാമത്തെ ടീമായി അർജന്റീന മാറും. ലോകകപ്പിൽ നവംബർ 22നു സൗദി അറേബ്യക്കെതിരെയാണ് അർജന്റീനയുടെ ആദ്യത്ത മത്സരം.