ലോകകപ്പിൽ ഗ്രൂപ്പിൽ തന്നെ ബ്രസീൽ വിയർക്കും, മുന്നറിയിപ്പുമായി ഇതിഹാസതാരം കക്ക

ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ ഗ്രൂപ്പിലുള്ള ടീമായ സെർബിയ ഏവരെയും വിസ്‌മയിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ ടീമിന്റെ ഇതിഹാസതാരമായ കക്ക. ഇത്തവണ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളെ തിരഞ്ഞെടുക്കുമ്പോഴാണ് ഗ്രൂപ്പിൽ തന്നെ ബ്രസീൽ നേരിടേണ്ടി വരുന്ന സെർബിയയെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. അതേസമയം ബ്രസീലിനാണ് ഏറ്റവും കൂടുതൽ സാധ്യതയെന്നാണ് കക്ക പറയുന്നത്.

“കുറേക്കാലമായി ഇതിനായി തയ്യാറെടുത്തു കൊണ്ടിരിക്കുന്നതിനാൽ തന്നെ ബ്രസീലാണ് ഏറ്റവുമധികം സാധ്യതയുള്ള ടീം. ടീം യുവതാരങ്ങളും പരിചയസമ്പത്തുള്ള താരങ്ങളും ചേർന്നതാണ്, ടിറ്റെയെ നിയമിച്ചതും ഒരു നല്ല തീരുമാനമായിരുന്നു. അർജന്റീന, ഫ്രാൻസ് എന്നിവരാണ് സാധ്യതയുള്ള മറ്റു ടീമുകൾ, അതിനൊപ്പം സെർബിയ ഒരു സർപ്രൈസ് തരാനിടയുണ്ട്.” കക്ക പറഞ്ഞു.

പോർച്ചുഗലിനെ യോഗ്യത റൗണ്ടിൽ ഞെട്ടിച്ചാണ് ലോകകപ്പിന് സെർബിയ വരുന്നത്. സെർബിയക്ക് പിന്നിൽ രണ്ടാം സ്ഥാനത്തു വന്നതിനെ തുടർന്ന് പോർച്ചുഗലിന് ലോകകപ്പ് യോഗ്യത നേടാൻ പ്ലേ ഓഫ് കളിക്കേണ്ടി വന്നിരുന്നു. വ്ലാഹോവിച്ച്, മിട്രോവിച്ച്, ലൂക്ക ജോവിച്ച് എന്നിവരടങ്ങുന്ന മുന്നേറ്റനിരയാണ് സെർബിയയുടെ പ്രധാന കരുത്ത്.