കടുത്ത പ്രസിങ്ങിൽ എതിരാളികൾ പ്രകോപിതരാകണം, തന്റെ ഫിലോസഫി വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെയുടെ കീഴിൽ തായ്‌ലൻഡിൽ ടീം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഏതാനും സന്നാഹമത്സരങ്ങൾ അവിടെ കളിച്ചതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിനു വേണ്ടി ഇന്ത്യയിലേക്ക് തിരികെയെത്തും.

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയതായി നിയമിച്ച പരിശീലകനായ മൈക്കൽ സ്റ്റാറെ നിരവധി വർഷങ്ങളുടെ പരിചയസമ്പത്തുള്ള വ്യക്തിയാണ്. ഇവാൻ വുകോമനോവിച്ചിന് പകരക്കാരനായി അദ്ദേഹമെത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷയും അത് തന്നെയാണ്. കഴിഞ്ഞ ദിവസം പുതിയ സീസണിലേക്കുള്ള തന്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി.

“ഏറ്റവും ഉയർന്ന രീതിയിൽ പ്രസ് ചെയ്യുകയെന്നതാണ് എന്റെ ഫിലോസഫി. അതിലൂടെ വളരെ പെട്ടന്നു തന്നെ പന്ത് വീണ്ടെടുക്കുകയും വേണം. വളരെ തീവ്രതയോടെ മത്സരം കളിച്ച് നമ്മൾ എതിരാളികളെ പരമാവധി പ്രകോപിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കണം.”

“പരിശീലനത്തിനിടയിലും മറ്റെല്ലാ കാര്യങ്ങളിലും ആ തീവ്രത കൊണ്ടുവരാനാണ് ഞങ്ങളിപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ശ്രദ്ധ വർധിപ്പിക്കാനും ഒരാളിൽ നിന്നുള്ള ഊർജ്ജം മറ്റൊരാളിലേക്ക് എത്തിക്കാനുമെല്ലാം ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിലൊക്കെയാണ് ഞങ്ങൾ പൂർണമായും ഫോക്കസ് ചെയ്യുന്നത്.” കഴിഞ്ഞ ദിവസം പരിശീലകൻ പറഞ്ഞു.

മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ നിന്നും ഏറ്റവും മികച്ച പ്രകടനം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. താരങ്ങളുടെ മനോഭാവത്തിൽ തന്നെ മാറ്റങ്ങൾ കാണുന്നുണ്ടെന്നാണ് പരിശീലനത്തിൽ നിന്നും വ്യക്തമാകുന്നത്. അത് ഈ സീസണിൽ ആരാധകർക്ക് പ്രതീക്ഷയുണ്ടാക്കുന്നു.