മൂന്നു താരങ്ങൾ സ്‌ക്വാഡിൽ നിന്നും പുറത്ത്, വിജയത്തോടെ തുടങ്ങാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിക്കളത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിലെ ആദ്യത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്. കൊച്ചി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഡ്യൂറൻഡ് കപ്പിൽ നിരാശപ്പെടുത്തിയ ടീം അത് മാറ്റിയെടുക്കാൻ കൂടി വേണ്ടിയാണ് ഇന്നത്തെ മത്സരത്തിനായി ഇറങ്ങുന്നത്.

മത്സരത്തിന് മുന്നോടിയായി ഈ സീസണിലേക്കുള്ള സ്‌ക്വാഡ് പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നു. നേരത്തെ സ്‌ക്വാഡിന്റെ ഭാഗമായിരുന്ന മൂന്നു താരങ്ങൾ പുതിയ ലിസ്റ്റിൽ നിന്നും പുറത്തു പോയിട്ടുണ്ട്. വിദേശതാരമായ ജോഷുവ സോട്ടിരിയോക്കു പുറമെ കൊറോ സിങ്, ബിജോയ് വർഗീസ് എന്നിവരാണ് സ്‌ക്വാഡിൽ ഉൾപ്പെടാതിരുന്നത്.

കൊച്ചിയിലെ മൈതാനത്ത് ഇറങ്ങുമ്പോൾ ആരാധകരുടെ പിൻബലം മുഴുവനായി കേരള ബ്ലാസ്റ്റേഴ്‌സിന് അനുഭവിക്കാൻ കഴിയില്ല. തിരുവോണം ദിവസമാണ് മത്സരം നടക്കുന്നത് എന്നതിനാൽ സ്റ്റേഡിയം കപ്പാസിറ്റിയുടെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കൂവെന്ന് തീരുമാനം എടുത്തിട്ടുണ്ട്. അതിനാൽ ആദ്യത്തെ മത്സരത്തിൽ ആരാധകരുടെ ആവേശം കുറവായിരിക്കും.

പുതിയ പരിശീലകൻ എത്തിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഡ്യൂറൻഡ് കപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അത് വാനോളം ഉയരുകയും ചെയ്‌തു. എന്നാൽ ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനോട് തോൽവി വഴങ്ങി പുറത്തായതോടെ ടീമിലുണ്ടായ പ്രതീക്ഷകൾ എല്ലാം അസ്‌തമിച്ചു.

പുതിയ സീസണിനായി ഇറങ്ങുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ മുന്നേറ്റനിരയിൽ കളിക്കുന്ന നോഹ സദോയി, പുതിയതായി ടീമിലെത്തിയ സ്‌പാനിഷ്‌ താരം ജീസസ് ജിമിനാസ് എന്നിവരിലാണ്. പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെയുടെ ആദ്യത്തെ ഐഎസ്എൽ മത്സരത്തിൽ അദ്ദേഹം എന്ത് തന്ത്രമാണ് ഒരുക്കുകയെന്ന കാണാനും ആരാധകർ ആഗ്രഹിക്കുന്നു.