വിധിപോലും എതിരാണ്, കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലേക്ക് വീണതിൽ യാതൊരു അത്ഭുതവുമില്ല | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ വളരെ മികച്ച രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. ഡിസംബർ മാസത്തിൽ ഐഎസ്എൽ സീസണിന്റെ ആദ്യത്തെ പകുതി അവസാനിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ് നിന്നിരുന്നത്. എന്നാലിപ്പോൾ മൂന്നു മത്സരങ്ങൾ മാത്രം ഐഎസ്എല്ലിൽ ബാക്കി നിൽക്കെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് കൊമ്പന്മാർ.

പ്ലേ ഓഫ് ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിനു കഴിയുമെങ്കിലും ടീമിന്റെ പ്രകടനം മോശമായതിൽ ആരാധകർക്ക് നിരാശയും പ്രതിഷേധവുമുണ്ട്. എന്നാൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേരിട്ട തിരിച്ചടികൾ വിലയിരുത്തുമ്പോൾ ഇപ്പോഴത്തെ മോശം ഫോമിൽ അത്ഭുതമൊന്നുമില്ല. കിരീടപ്രതീക്ഷയോടെ തുടങ്ങിയ സീസണിൽ പരിക്കാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ഏറ്റവുമധികം വെല്ലുവിളി ഉയർത്തിയത്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പത്തൊമ്പത് മത്സരങ്ങൾ കളിച്ചപ്പോൾ ടീമിന് ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി വിദേശതാരങ്ങളായ ആറു പേർ ഉണ്ടായത് ഏഴു മത്സരങ്ങളിൽ മാത്രമാണ്. ബാക്കിയുള്ള പന്ത്രണ്ട് മത്സരങ്ങളിലും പരിക്ക് കാരണം മുഴുവൻ വിദേശതാരങ്ങളും ടീമിനൊപ്പം ഉണ്ടായിരുന്നില്ല. സീസണിന്റെ രണ്ടാം പകുതിയിലാണ് ഇത് ടീമിനെ കൂടുതൽ ബാധിച്ചത്.

ജോഷുവോ സോട്ടിരിയോയെ സീസൺ തുടങ്ങുന്നതിനു മുൻപ് തന്നെ നഷ്‌ടമായ ബ്ലാസ്റ്റേഴ്‌സിന് അതിനു ശേഷം അഡ്രിയാൻ ലൂണ, പെപ്ര എന്നിവരെ ദീർഘകാലത്തേക്ക് നഷ്‌ടമായി. ഇപ്പോൾ മറ്റൊരു വിദേശതാരമായ ജസ്റ്റിൻ ഇമ്മാനുവലിനും സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ദിമിത്രിയോസ്, ലെസ്‌കോവിച്ച് എന്നിവരെയും ഈ സീസണിൽ പരിക്കുകൾ ബാധിച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിൽ പരിക്ക് ബാധിക്കാതിരുന്ന രണ്ടു താരങ്ങൾ മിലോസ്, ഡൈസുകെ എന്നിവരാണ്. വിദേശതാരങ്ങളെ വളരെയധികം ആശ്രയിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ടീമിലെ വിദേശതാരങ്ങളെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാത്തത് ഫോമിനെ ബാധിച്ചിട്ടുണ്ട്. ഇനി പ്ലേ ഓഫിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ ജസ്റ്റിനെയും ടീമിന് നഷ്‌ടമാകും.

Kerala Blasters Affected By Foreign Players Injury