കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹത്തെ ഗോകുലം കേരള ഇല്ലാതാക്കുമോ, വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് പരിസമാപ്‌തിയിലേക്ക് അടുത്തു കൊണ്ടിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഇനിയുള്ള ലക്‌ഷ്യം സൂപ്പർകപ്പാണ്. ഏപ്രിലിൽ ആരംഭിക്കുന്ന ടൂർണമെന്റിന് കേരളത്തിൽ വെച്ചാണെന്നത് ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. കേരളത്തിൽ കോഴിക്കോട്, പയ്യനാട് സ്റ്റേഡിയങ്ങളിൽ വെച്ചാണ് ടൂർണമെന്റ് നടക്കുന്നത്. ആദ്യം തിരുവനന്തപുരവും കൊച്ചിയും വേദികളാവുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീടവ ഒഴിവാക്കി.

പതിനൊന്ന് ഐഎസ്എൽ ടീമുകളും പത്ത് ഐ ലീഗ് ടീമുകളും പങ്കെടുക്കുന്ന ടൂർണമെന്റ് ഇന്ത്യൻ ഫുട്ബോളിലെ തന്നെ വലിയൊരു ടൂർണമെന്റുകളിൽ ഒന്നാണെന്ന കാര്യത്തിൽ സംശയമില്ല. ഈ ടൂർണമെന്റിൽ കിരീടം നേടുന്നവർക്ക് എഎഫ്‌സി കപ്പിന് യോഗ്യത നേടാൻ അവസരമുണ്ടെന്നതും ടൂർണമെന്റിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ സൂപ്പർകപ്പിൽ കിരീടം നേടാനായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിന് സൂപ്പർകപ്പ് നേടാനും എഎഫ്‌സി കപ്പിന് യോഗ്യത നേടാനുമുള്ള പ്രധാന വെല്ലുവിളി കേരളത്തിൽ തന്നെയുള്ള ഐ ലീഗ് ക്ലബായ ഗോകുലം കേരള നൽകാനുള്ള എല്ലാ സാധ്യതയുമുണ്ട്. സൂപ്പർകപ്പിൽ ഗോകുലം കേരളയും കളിക്കുമെന്നതിനാൽ അവരെ ചിലപ്പോൾ ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടി വന്നേക്കും. ഇനി ബ്ലാസ്റ്റേഴ്‌സ് സൂപ്പർകപ്പ് നേടിയാലും എഎഫ്‌സി യോഗ്യതക്കായി കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കളെ നേരിടേണ്ടി വരുമെന്നതിനാൽ അവിടെയും ഗോകുലത്തെ നേരിടേണ്ടി വരും.

കഴിഞ്ഞ തവണ ഐ ലീഗ് ജേതാക്കളായ ഗോകുലത്തിനു എഎഫ്‌സി കപ്പ് യോഗ്യത നേടാൻ രണ്ടു തരത്തിൽ അവസരമുണ്ട്. സൂപ്പർ കപ്പിൽ അവർ കിരീടമുയർത്തിയാൽ നേരിട്ട് യോഗ്യത നേടാൻ അവർക്ക് കഴിയും. അതേസമയം സൂപ്പർകപ്പിൽ മറ്റേതു ടീം ജയിച്ചാലും അവരെ പിന്നീട് നടക്കുന്ന യോഗ്യത മത്സരത്തിൽ തോല്പിച്ചാലും ഗോകുലത്തിനു യോഗ്യത നേടാനാകും. എന്തായാലും കേരളത്തിലെ രണ്ടു ടീമുകൾ ഇതിനായി പൊറുതിയാൽ ആരാധകർക്കത് ആവേശകരമായ അനുഭവമാകും.