മുറിവേറ്റ കൊമ്പന്മാർ രണ്ടും കൽപ്പിച്ചു തന്നെയെന്നുറപ്പായി, എതിരെ നിൽക്കാൻ വരുന്നവർ കരുതിയിരുന്നോളൂ

ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനൽ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കാണിച്ച പോരാട്ടവീര്യത്തെ മുറിപ്പെടുത്തിയാണ് സുനിൽ ഛേത്രി നേടിയ ഗോൾ റഫറി അനുവദിച്ചത്. ഇതിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ടീം കളിക്കളം വിട്ടു പോവുകയും ചെയ്‌തിരുന്നു. ഐഎസ്എല്ലിൽ റഫറിയുടെ പിഴവുകൾ കാരണം പോയിന്റ് നഷ്‌ടമാകുന്നത് സ്ഥിരമാണെന്നിരിക്കെയാണ് മത്സരം ബഹിഷ്‌കരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധം അറിയിച്ചത്.

മത്സരം ബഹിഷ്‌കരിച്ചതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് ഇനി ലക്ഷ്യമിടുന്നത് അടുത്ത മാസം നടക്കാനിരിക്കുന്ന സൂപ്പർകപ്പ് കിരീടമാണ്. കേരളത്തിൽ വെച്ച് നടക്കുന്ന സൂപ്പർകപ്പിൽ കിരീടം നേടാനും അതുവഴി ഇന്ത്യൻ സൂപ്പർലീഗിലുണ്ടായ നിരാശ മറക്കാനുമാകും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. അതിനു പുറമെ സൂപ്പർകപ്പ് വിജയത്തിലൂടെ എഎഫ്‌സി കപ്പിന് യോഗ്യത നേടുകയെന്നതും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നിലുള്ള പദ്ധതിയാണ്.

എന്തായാലും മുൻപുണ്ടായതു പോലെ സൂപ്പർകപ്പ് ടൂർണ്ണമെന്റിനായി റിസർവ് ടീമിനെ ഇറക്കുകയെന്ന പദ്ധതി ഇത്തവണ കേരള ബ്ലാസ്‌റ്റേഴ്‌സിനില്ല. സീനിയർ ടീമിനെ തന്നെ ഇത്തവണത്തെ ടൂർണമെന്റിൽ കളിപ്പിക്കുകയെന്ന ഉദ്ദേശമാണ് ടീമിനുള്ളതെന്നാണ് റിപ്പോർട്ടുകൾ. ലൂണ, ദിമി, ലെസ്‌കോവിച്ച് തുടങ്ങി ഇന്ത്യൻ സൂപ്പർലീഗ് മത്സരങ്ങൾക്കുണ്ടായിരുന്ന വിദേശതാരങ്ങളെ സൂപ്പർകപ്പിനും ഉപയോഗിക്കാൻ പദ്ധതിയുള്ള ബ്ലാസ്റ്റേഴ്‌സ് ഈ മാസം 25ഓടെ പരിശീലനം ആരംഭിക്കും.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് സൂപ്പർ ലീഗ് മത്സരം ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തു പോകാൻ കാരണക്കാരായ ബെംഗളൂരു എഫ്‌സിയോട് പകരം ചോദിക്കാനുള്ള അവസരമാണ്. സൂപ്പർകപ്പിന്റെ ഫിക്‌സചർ വന്നപ്പോൾ ഒരേ ഗ്രൂപ്പിലായ രണ്ടു ടീമുകളും തമ്മിൽ ഏപ്രിൽ പതിനാറിന് കോഴിക്കോട് വെച്ച് ഏറ്റുമുട്ടുന്നുണ്ട്. ഇതിൽ വിജയിച്ച് ബെംഗളൂരുവിനോട് പകരം വീട്ടണമെന്നു തന്നെയാകും ആരാധകരും ആഗ്രഹിക്കുന്നുണ്ടാവുക.