മറ്റൊരാൾക്കും സ്വന്തമാക്കാൻ കഴിയാത്ത ഒരു നേട്ടം കൂടി, ചരിത്രം മാറ്റിയെഴുതി മെസി മുന്നോട്ട്

കഴിഞ്ഞ ദിവസമാണ് ഐഎഫ്എഫ്എച്ച്എസ് 2006 മുതലുള്ള വർഷങ്ങളിലെ ഏറ്റവും മികച്ച പ്ലേ മേക്കറെ തിരഞ്ഞെടുത്തത്. പൊതുവെ മധ്യനിര താരങ്ങളാണ് ഈ പുരസ്‌കാരത്തിൽ ആധിപത്യം പുലർത്തുകയെങ്കിലും അവർ തിരഞ്ഞെടുത്തത് ലയണൽ മെസിയെയായിരുന്നു. ഒരു മുന്നേറ്റനിരതാരം ആയിരുന്നിട്ടു കൂടി മത്സരത്തിന്റെ മുഴുവൻ ഗതിയെയും നിയന്ത്രിക്കാനുള്ള കഴിവും ഗോളുകൾക്ക് അവസരമൊരുക്കാനുള്ള മികവുമാണ് മെസി പുരസ്‌കാരം നേടാൻ കാരണം.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ ബ്രെസ്റ്റിനെതിരെ നടന്ന മത്സരത്തിൽ കളിയെ നിയന്ത്രിക്കാനുള്ള തന്റെ കഴിവ് ലയണൽ മെസി ഒരിക്കൽ കൂടി തെളിയിച്ചു. രണ്ടു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ നിൽക്കുന്ന സമയത്ത് തൊണ്ണൂറാം മിനുട്ടിൽ താരം നൽകിയ ഒരു വൺ ടച്ച് പാസിലാണ് എംബാപ്പെ ടീമിന്റെ വിജയഗോൾ നേടുന്നത്. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ മെസി ഒരു നിമിഷം കൊണ്ട് കളിയെ മാറ്റാനുള്ള തന്റെ കഴിവ് വീണ്ടും തെളിയിക്കുകയായിരുന്നു അതിലൂടെ.

മത്സരത്തിൽ അസിസ്റ്റ് നൽകിയ മെസി തന്റെ ക്ലബ് കരിയറിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. തന്റെ കരിയറിൽ ക്ലബുകൾക്കായി മുന്നൂറു അസിസ്റ്റുകൾ എന്ന റെക്കോർഡാണ് മെസി സ്വന്തമാക്കിയത്. നിരവധി മികച്ച ഫുട്ബോൾ താരങ്ങൾ കടന്നു വന്നിട്ടുണ്ടെങ്കിലും ഇതിനു മുൻപ് മറ്റൊരു താരത്തിനും ഇങ്ങനൊരു നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ക്ലബ് കരിയറിൽ എഴുനൂറു ഗോളുകൾ നേടിയ താരമെന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് മെസി പുതിയ നേട്ടം കുറിച്ചത്.

അതേസമയം ലയണൽ മെസി മറ്റൊരു നേട്ടത്തിന്റെ കൂടി തൊട്ടടുത്താണ്. ഒരു ഗോൾ കൂടി നേടിയാൽ കരിയറിൽ എണ്ണൂറു ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് മെസിക്ക് സ്വന്തമാകും. 827 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കാര്യത്തിൽ മെസിക്ക് മുന്നിലാണ്. എന്നാൽ താരത്തിന്റെ പേരിലുള്ളത് 236 അസിസ്റ്റുകൾ മാത്രമാണ്. അതേസമയം മെസി കരിയറിൽ ഇതുവരെ 353 അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. താരത്തെ മികച്ച പ്ലേ മേക്കറായി ഏവരും കാണുന്നതിന്റെ കാരണവും അതു തന്നെയാണ്.