സർപ്രൈസ് പൊട്ടിച്ച് പുതിയ സൈനിങ്‌ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, ഒടുവിൽ ആ വാർത്ത യാഥാർത്ഥ്യമായി | Kerala Blasters

മൂന്നു വിദേശതാരങ്ങൾ ഉൾപ്പെടെ ആറു പേർ ക്ലബ് വിടുന്ന കാര്യം കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പ്രഖ്യാപിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അതിനു പിന്നാലെ പുതിയ സൈനിങ്‌ പ്രഖ്യാപിച്ചു. ജെസ്സൽ കാർനെയ്‌റോ, ഹർമൻജോത് ഖബ്‌റ, മുഹീത് ഖാൻ എന്നീ ഇന്ത്യൻ താരങ്ങളും വിക്റ്റർ മോങ്കിൽ, ഇവാൻ കലിയുഷ്‌നി, ജിയാനു എന്നീ താരങ്ങളും ക്ലബ് വിട്ടതിനു പിന്നാലെയാണ് പുതിയ താരത്തെ സ്വന്തമാക്കിയ വിവരം കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ബെംഗളൂരു എഫ്‌സി താരമായിരുന്ന പ്രബീർ ദാസിന്റെ സൈനിങാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇരുപത്തിയൊമ്പതു വയസുള്ള താരം ക്ലബ് വിടുന്ന കാര്യം കഴിഞ്ഞ ദിവസമാണ് ബെംഗളൂരു പ്രഖ്യാപിച്ചത്. താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ നേരത്തെ മുതൽ ഉണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഖബ്‌റയുടെ പകരക്കാരനെ ടീം കണ്ടെത്തിയിരിക്കുകയാണ്.

കഴിഞ്ഞ സമ്മറിൽ ആഷിക് കുരുണിയനെ നൽകിയാണ് ബെംഗളൂരു എഫ്‌സി പ്രബീർ ദാസിനെ സ്വന്തമാക്കിയത്. ഡ്യൂറന്റ് കപ്പ്, ഇന്ത്യൻ സൂപ്പർ ലീഗ്, സൂപ്പർ കപ്പ് ഫൈനലുകളിൽ കളിച്ച താരത്തെ ബെംഗളൂരു ടീമിൽ താരം സജീവസാന്നിധ്യമായിരുന്നു. മികച്ച പ്രകടനം ക്ലബിന് വേണ്ടി നടത്താൻ പ്രബീർ ദാസിന് കഴിഞ്ഞെങ്കിലും സീസൺ അവസാനിച്ചതോടെ ക്ലബിൽ തുടരാൻ കഴിയില്ലെന്ന് താരം തീരുമാനിക്കുകയായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാനു വേണ്ടിയാണ് പ്രബീർ ദാസ് പ്രധാനമായും കളിച്ചിരിക്കുന്നത്. ഏഴു വർഷത്തോളം ക്ലബിനൊപ്പം ഉണ്ടായിരുന്ന താരം അതിനു ശേഷമാണ് ബംഗളൂരുവിലേക്ക് എത്തുന്നത്. പഴയ മോഹൻ ബഗാൻ ക്ലബിനൊപ്പം ഐ ലീഗ്, ഫെഡറേഷൻ കപ്പ്, എടികെക്കൊപ്പം രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ്, ബെംഗളൂരുവിനൊപ്പം ഡ്യൂറന്റ് കപ്പ് എന്നിവ നേടിയ താരത്തിന്റെ പരിചയസമ്പത്ത് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യുമെന്നുറപ്പാണ്.

Kerala Blasters Announce Prabir Das Signing