ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിത്തന്നെ, എംബാപ്പയെ പരിശീലിപ്പിച്ച സെറ്റ് പീസ് കോച്ചടക്കം രണ്ടു സഹപരിശീലകർ ടീമിലേക്ക് | Kerala Blasters

മൈക്കൽ സ്റ്റാറെയെന്ന പുതിയ പരിശീലകൻ എത്തിയതിന്റെ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിൽ കാണാൻ തുടങ്ങിയിട്ടുണ്ട്. ടീമിനുള്ളിൽ വലിയ രീതിയിലുള്ള അഴിച്ചുപണികൾ നടക്കുന്നതിനൊപ്പം കോച്ചിങ് സ്റ്റാഫിന്റെ കാര്യത്തിലും അദ്ദേഹം വളരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ടു സഹപരിശീലകരാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയതായി എത്തിയത്.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പേജുകളിലൂടെ പ്രഖ്യാപിച്ചതു പ്രകാരം ബിയോൺ വെസ്‌ട്രോം, ഫ്രഡറിക്കോ പെരേര മൊറൈസ് എന്നിവരെയാണ് ടീമിന്റെ സഹപരിശീലകരായി നിയമിച്ചിരിക്കുന്നത്. ബിയോൺ വെസ്‌ട്രോം മൈക്കൽ സ്റ്റാറെയുടെ സഹപരിശീലകനായി പ്രവർത്തിക്കുമ്പോൾ ഫ്രഡറിക്കോ മൊറൈസ് സെറ്റ് പീസ് പരിശീലകനായാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.

മൈക്കൽ സ്റ്റാറെയെപ്പോലെത്തന്നെ നിരവധി ക്ലബുകളിൽ പ്രവർത്തിച്ചിട്ടുള്ള അനുഭവസമ്പത്ത് ബിയോൺ വെസ്ട്രോമിനുണ്ട്. 1999ൽ കരിയർ ആരംഭിച്ച അദ്ദേഹം 2007ലാണ് ആദ്യമായി സീനിയർ കോച്ചാകുന്നത്. പിന്നീട് സ്പോർട്ടിങ് മാനേജർ, സ്‌കൗട്ടിങ് മാനേജർ എന്നിങ്ങനെയുള്ള പൊസിഷനുകളിലും പ്രവർത്തിച്ച അദ്ദേഹത്തെ ബ്ലാസ്റ്റേഴ്‌സിന് പല രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയും.

സെറ്റ് പീസ് പരിശീലകനായ ഫ്രഡറികോ മൊറൈസിലും വലിയ പ്രതീക്ഷകൾ തന്നെ പുലർത്താൻ കഴിയും. 2013 മുതൽ 2015 വരെ ഫ്രഞ്ച് ക്ലബായ മൊണോക്കോയിൽ ഉണ്ടായിരുന്ന അദ്ദേഹം എംബാപ്പയെ പരിശീലിപ്പിച്ചിട്ടുണ്ട്. 2009ൽ ബോവിസ്റ്റയിൽ പരിശീലകനായി കരിയർ ആരംഭിക്കുന്ന അദ്ദേഹം മറ്റു ക്ലബുകളെയും നയിച്ചിട്ടുണ്ട്. സെറ്റ് പീസുകളിൽ ആധിപത്യം സ്ഥാപിക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് കഴിയും.

പ്രതീക്ഷ നൽകുന്ന പരിശീലകരെയും സഹപരിശീലകരെയും തന്നെയാണ് പുതിയ സീസണിലേക്കായി ബ്ലാസ്റ്റേഴ്‌സ് നിയമിച്ചിരിക്കുന്നത്. ഇനി അടുത്ത സീസണിലേക്ക് ടീമിന് കൃത്യമായി ഉപയോഗിക്കാൻ കഴിയുന്ന താരങ്ങളെ കണ്ടെത്തുകയെന്നതാണ്. ജൂലൈ ആദ്യവാരത്തിൽ പ്രീ സീസൺ ആരംഭിക്കുന്നതിനു മുൻപ് അത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kerala Blasters Appoint Two Assistant Coaches