ജസ്റ്റിനെ കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ കണ്ടെത്തിയിരുന്നു, അണിയറയിൽ നടക്കുന്ന നീക്കങ്ങളെക്കുറിച്ച് ക്ലബ് ഡയറക്റ്റർ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ പരിശീലനം നടത്തുന്നതിനിടെ ടീമിനൊപ്പം ഉണ്ടായിരുന്ന ആഫ്രിക്കൻ താരത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ അതാരാണെന്ന് ചോദ്യം ആരാധകരുടെ ഇടയിൽ ഉയർന്നു വന്നിരുന്നു. ബ്ലാസ്റ്റേഴ്‌സ് വളരെ നിശബ്‌ദമായി ഒരു വിദേശതാരത്തെ സൈൻ ചെയ്‌തുവെന്നാണ് ആരാധകർ കരുതിയത്. പിന്നീട് ബ്ലാസ്റ്റേഴ്‌സ് തന്നെ താരത്തെക്കുറിച്ച് അറിയിക്കുകയുണ്ടായി.

നൈജീരിയൻ അണ്ടർ 20 താരമായ ജസ്റ്റിൻ ഇമ്മാനുവലാണ് ആ താരം. കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയിട്ടില്ലെങ്കിലും ടീമിന്റെ ട്രെയൽസിൽ പങ്കെടുക്കുകയാണ് ജസ്റ്റിൻ. ട്രയൽസിലെ പ്രകടനം മികച്ചതാണെങ്കിൽ താരം ടീമിലേക്ക് വരും. അതേസമയം ട്രെയൽസിനായി എത്തിയപ്പോഴല്ല ജസ്റ്റിനെ ആദ്യമായി അറിയുന്നതെന്നും അതിനു മുൻപേ താരത്തെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരുന്നു എന്നുമാണ് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ കരോലിസ് സ്‌കിങ്കിസ് പറയുന്നത്.

“ജസ്റ്റിൻ ഏതെങ്കിലുമൊരു ഫുട്ബോളർ അല്ല. ഞങ്ങൾക്ക് താരത്തെ കഴിഞ്ഞ സീസണിന്റെ പകുതി ആയപ്പോൾ തന്നെ ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ ടീമിലേക്ക് വിളിക്കാനാണ് തീരുമാനിച്ചത്. ഇതൊരു പുതിയ പദ്ധതിയുടെ തുടക്കമാണ്. ഇന്ത്യക്ക് പുറത്തേക്കും ടീം അറിയപ്പെടുന്ന തരത്തിൽ പുതിയ, കഴിവുള്ള, മികച്ച യുവതാരങ്ങളെ കണ്ടെത്തുകയാണ് അതിലൂടെ ഉദ്ദേശിക്കുന്നത്.”

“ഇത് ഞങ്ങളുടെ ആദ്യത്തെ നീക്കം ആയതിനാൽ തന്നെ കൂടുതൽ ആവേശത്തിന്റെ ആവശ്യമൊന്നുമില്ല. താരം എങ്ങിനെ ഇണങ്ങിച്ചേരുന്നുവെന്നും ടീമിനൊപ്പം യോജിക്കുന്നുണ്ടോയെന്നും എന്തൊക്കെ പരിമിതികൾ ഉണ്ടെന്നും അറിയണം. നിലവാരത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്‌ചയും ഇല്ലാതെ, മികച്ച യുവതാരങ്ങളെ ടീമിന് ആവശ്യമാണ്.” സ്‌കിങ്കിസ് പറഞ്ഞു.

സ്‌കിങ്കിസിന്റെ വാക്കുകളിൽ നിന്നും സ്‌കൗട്ടിങ് നടത്തി ജസ്റ്റിനെ കണ്ടെത്തി ട്രയൽസിൽ പങ്കെടുക്കാൻ വേണ്ടി ക്ഷണിച്ചതാണ് എന്നാണു മനസിലാക്കാൻ കഴിയുന്നത്. മികച്ച പ്രകടനം ട്രയൽസിൽ നടത്തിയാൽ അടുത്ത സീസണിലെ ടീമിൽ താരവും ഉണ്ടാകും. ദിമിത്രിയോസിനു ബാക്കപ്പായി നിൽക്കാൻ കഴിയുന്ന നമ്പർ 9 പൊസിഷനിൽ കളിക്കുന്ന താരമാണ് ജസ്റ്റിൻ.

Kerala Blasters Director Talks About Justine