ബ്ലാസ്റ്റേഴ്‌സിനു വമ്പൻ പദ്ധതികൾ, അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നും താരങ്ങളെത്തും | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ട്രൈനിംങ് സെഷനിടെ കണ്ട ആഫ്രിക്കൻ താരത്തെക്കുറിച്ച് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ സ്‌കിങ്കിസ് പറഞ്ഞ കാര്യങ്ങൾ ആരാധകർക്ക് പ്രതീക്ഷയാണ്. മികച്ച താരങ്ങളെ സ്‌കൗട്ടിങ് വഴി കണ്ടെത്തി അവരെ ട്രയൽസിനു ക്ഷണിച്ച് ടീമിന്റെ ഭാഗമാക്കുകയെന്ന പദ്ധതി ക്ലബ് ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി വന്ന താരമാണ് ജസ്റ്റിനെന്നും ഈ പദ്ധതി കൂടുതൽ വിപുലമാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

“ഒരു ക്ലബ് എന്ന നിലയിലും ലീഗ് എന്ന നിലയിലും മറ്റുള്ള രാജ്യങ്ങളിൽ നിന്നും ശ്രദ്ധയും ബഹുമാനവും ലഭിക്കണമെങ്കിൽ മറ്റുള്ള രാജ്യങ്ങളിൽ നിന്നും നിലവാരമുള്ള കളിക്കാരെ ലഭിക്കുന്നത് എങ്ങിനെയാണ് എന്നതിന് പരിഹാരമുണ്ടാക്കണം. ഒരു വഴി കഴിവുള്ള, ഉയർന്ന നിലവാരത്തിൽ കളിക്കാൻ കഴിയുന്ന താരങ്ങളെ സ്‌കൗട്ട് ചെയ്യുകയെന്നതാണ്. ജസ്റ്റിൻ അതിന്റെ തുടക്കമാണ്.”

“ഇത് ഞങ്ങൾ ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലുമെല്ലാം തുടർന്നും ചെയ്യാൻ പോകുന്ന കാര്യമാണ്. ക്ലബിന്റെ ഘടന അത്ര മികച്ചതല്ലാത്ത ഇടങ്ങളിൽ നിന്നും നിലവാരമുള്ള താരങ്ങളെ കണ്ടെത്താൻ ഏതു രാജ്യത്തെയും പരിഗണിക്കും.” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ചീഫ് സ്‌കൗട്ട് അരവിന്ദ് നിരഞ്ജൻ നൈജീരിയയിലേക്ക് നടത്തിയ ട്രിപ്പിന്റെ ഭാഗമായാണ് ജസ്റ്റിനെ കണ്ടെത്തുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഈ നീക്കം അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്. മികച്ച യുവതാരങ്ങളെ കണ്ടെത്തി അവരെ ടീമിൽ കൊണ്ടു വന്നു വളർത്തിയെടുക്കാൻ ഇതുവഴി കഴിയും. ഇത് ടീമിന്റെ കളി മെച്ചപ്പെടുത്തുന്നതിനൊപ്പം ഇവർ മികച്ച പ്രകടനം നടത്തി മറ്റു വമ്പൻ ക്ലബുകളുടെ കണ്ണിൽ പെട്ടാൽ അത് ബ്ലാസ്റ്റേഴ്‌സ് ക്ലബിനും ഇന്ത്യൻ സൂപ്പർ ലീഗിനും മറ്റു രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിന് കാരണമാകും.

Kerala Blasters Plan To Scout Young Players