“എനിക്കവിടെ എത്താൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളത് നേടണം”- ലോകകപ്പിൽ അർജന്റീനക്കാണു പിന്തുണ നൽകിയതെന്ന് നെയ്‌മർ | Neymar

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ രീതിയിൽ അർജന്റീന കിരീടം നേടിയപ്പോൾ സൗത്ത് അമേരിക്കയിൽ അവരുടെ പ്രധാന എതിരാളികളായ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോവുകയായിരുന്നു. ഖത്തർ ലോകകപ്പ് വിജയത്തോടെ മൂന്നു പതിറ്റാണ്ടിലധികം നീണ്ട ലോകകപ്പ് കിരീടവരൾച്ചക്ക് അർജന്റീന അവസാനം കുറിച്ചപ്പോൾ രണ്ടു പതിറ്റാണ്ടായി ലോകകപ്പ് നേടിയിട്ടില്ലെന്ന മോശം റെക്കോർഡ് ബ്രസീൽ തുടരുകയാണ്.

അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരം ലയണൽ മെസിയാണെങ്കിൽ ബ്രസീലിന്റെ എല്ലാമെല്ലാം നെയ്‌മറാണ്. ദേശീയ ടീമെന്ന നിലയിൽ രണ്ടു താരങ്ങളും എതിർചേരിയിലാണ് വരുന്നതെങ്കിലും വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. കോപ്പ അമേരിക്ക കിരീടം ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന നേടിയപ്പോൾ മെസിയെ വളരെ സന്തോഷത്തോടെ അഭിനന്ദിച്ച നെയ്‌മർ ഖത്തർ ലോകകപ്പ് ഫൈനലിൽ താൻ അർജന്റീനക്കായിരുന്നു പിന്തുണ നൽകിയതെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

“മെസിയോട് ലോകകപ്പ് ഫൈനലിനു മുൻപ് ഞാൻ സംസാരിച്ചിരുന്നു. ‘എനിക്കവിടേക്ക് എത്താൻ കഴിഞ്ഞില്ല, പക്ഷെ നിങ്ങൾ അവിടെയെത്തിയതു കൊണ്ടു തന്നെ ലോകകപ്പ് എന്തായാലും വിജയിക്കണം’ എന്നാണു ഞാൻ പറഞ്ഞത്. അവരെയാണ് ഞാൻ പിന്തുണക്കുന്നതെന്നും ഞാൻ പറഞ്ഞിരുന്നു. ഏറ്റവും മനോഹരമായ രീതിയിൽ തന്നെ അത് അവസാനിക്കണമായിരുന്നു. ഞാൻ വളരെയധികം സന്തോഷിച്ചു, അർജന്റീനയുടെ വിജയത്തിന് ശേഷം ഫുട്ബോൾ തന്നെ സന്തോഷത്തിലായിരുന്നു.” നെയ്‌മർ പറഞ്ഞു.

ഖത്തർ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ച ടീമുകളിൽ ഒന്നായിരുന്ന ബ്രസീൽ ക്രൊയേഷ്യയോട് ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങിയാണ് പുറത്തായത്. ക്രൊയേഷ്യയോട് വിജയം നേടിയിരുന്നെങ്കിൽ ലോകകപ്പ് സെമി ഫൈനലിൽ ബ്രസീൽ അർജന്റീനക്കെതിരെ കളിച്ചേനെ. എന്തായാലും ഇത്തവണ നഷ്‌ടമായ കിരീടം അടുത്ത തവണ നേടാനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ബ്രസീൽ ആരംഭിച്ചിട്ടുണ്ട്.

Neymar Reveals What He Told To Messi Before World Cup Final