എടികെയോടുള്ള തോൽ‌വിയിൽ മൂക്കും കുത്തി വീണ് ബ്ലാസ്റ്റേഴ്‌സ്, നോക്ക്ഔട്ട് അഡ്വാന്റേജ്‌ ലഭിക്കാൻ പ്രയാസമേറും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എടികെ മോഹൻ ബാഗാനോട് തോൽവി വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്ക് വീണു. പ്ലേ ഓഫിലേക്കു കടക്കാനുള്ള യോഗ്യത മത്സരങ്ങളിലേക്കുള്ള സ്ഥാനം നേരത്തെ തന്നെ ഉറപ്പിച്ചു കഴിഞ്ഞെങ്കിലും കഴിഞ്ഞ മത്സരത്തിലെ തോൽവി കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുമായിരുന്ന വലിയൊരു ആനുകൂല്യമാണ് ഇല്ലാതാക്കിയത്.

ഇന്ത്യൻ സൂപ്പർ ലീഗ് നിയമപ്രകാരം പോയിന്റ് ടേബിളിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നേരിട്ട് പ്ലേ ഓഫിലേക്ക് കടന്നു ചെല്ലും. അവർക്കൊപ്പം കളിക്കേണ്ട രണ്ടു ടീമുകളെ തീരുമാനിക്കാൻ മൂന്നു മുതൽ ആറു വരെ സ്ഥാനങ്ങളിലുള്ള ടീമുകൾ യോഗ്യത മത്സരങ്ങൾ കളിക്കും. ഒരൊറ്റ മത്സരമായി കളിക്കുന്ന പ്ലേ ഓഫ് യോഗ്യത പോരാട്ടത്തിൽ വിജയം നേടുന്നവർക്ക് രണ്ടു പാദങ്ങളായി നടത്തുന്ന പ്ലേ ഓഫിൽ സ്ഥാനമുറപ്പിച്ച് അവിടെയും വിജയിച്ചാൽ ഫൈനലിൽ എത്താൻ കഴിയും.

ലീഗിലെ നിയമപ്രകാരം മൂന്നാം സ്ഥാനത്തുള്ള ടീം ആറാം സ്ഥാനത്തുള്ള ടീമിനെയും നാലാം സ്ഥാനത്തുള്ള ടീം അഞ്ചാം സ്ഥാനത്തുള്ള ടീമിനെയുമാണ് പ്ലേ ഓഫ് യോഗ്യത മത്സരങ്ങളിൽ നേരിടുക. ലീഗ് അവസാനിക്കുമ്പോൾ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമുള്ള ടീമുകൾക്ക് പ്ലേ ഓഫ് യോഗ്യത മത്സരം സ്വന്തം മൈതാനത്ത് കളിക്കാൻ കഴിയുമെന്ന ആനുകൂല്യമുണ്ട്. ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം അഞ്ചാം സ്ഥാനത്തേക്ക് വീണതോടെ ഈ ആനുകൂല്യം അവർക്ക് ലഭിക്കാനുള്ള സാധ്യത മങ്ങി.

പ്ലേ ഓഫിനുള്ള യോഗ്യത മത്സരം സ്വന്തം മൈതാനത്ത് കളിക്കണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ഇനി ചെയ്യേണ്ടത് രണ്ടാം സ്ഥാനത്തുള്ള ഹൈദെരാബാദിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ വിജയം നേടുകയെന്നതാണ്. ഇതിനു പുറമെ എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്‌സി, ഒഡിഷ എന്നീ ടീമുകളുടെ അവസാന മത്സരത്തിലെ ഫലം കൂടി ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമാകണം. ഈ മൂന്നു ടീമുകളിൽ ഏതെങ്കിലും രണ്ടു ടീമുകൾ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യുകയും ബ്ലാസ്റ്റേർസ് വിജയം നേടുകയും ചെയ്‌താൽ സ്വന്തം മൈതാനത്ത് കൊമ്പന്മാർക്ക് കളിക്കാം.