“ഇത് അസംബന്ധം, ടാപ്പിൻ ഗോളൊക്കെ ഇങ്ങിനെ ആഘോഷിക്കണോ”- ബ്രസീലിയൻ താരം മാർട്ടിനെല്ലിക്കെതിരെ വിമർശനം

ആസ്റ്റൺ വില്ലയും ആഴ്‌സണലും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം ആവേശകരമായ ഒന്നായിരുന്നു. രണ്ടു തവണ ആസ്റ്റൺ വില്ല മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച ആഴ്‌സണൽ ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകൾ നേടി രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയാണ് പ്രീമിയർ ലീഗിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് വന്നത്. ഇഞ്ചുറി ടൈമിൽ ഒരു സെൽഫ് ഗോൾ വഴങ്ങിയതിനു പുറമെ ആഴ്‌സണൽ ബോക്‌സിലേക്ക് വന്ന് ഒരു ഗോൾ വഴങ്ങാൻ കാരണമായ എമിലിയാനോ മാർട്ടിനസ് ധാരാളം ട്രോളുകൾ ഏറ്റു വാങ്ങുന്നുണ്ട്.

മത്സരത്തിൽ ആസ്റ്റൺ വില്ല വഴങ്ങിയ അവസാനത്തെ ഗോൾ എമിലിയാനോയുടെ പിഴവായിരുന്നു. വില്ല എടുത്ത കോർണർ കിക്ക് ഗോളാക്കി മാറ്റാൻ ആഴ്‌സണൽ ബോക്‌സിൽ അർജന്റീന താരം എത്തിയിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് ആഴ്‌സണൽ പ്രത്യാക്രമണം നടത്തി ഒരു ഗോൾ നേടി. ആ ഗോൾ നേടുന്നതിന് മുൻപേ തന്നെ ബ്രസീലിയൻ താരം മാർട്ടിനെല്ലി ആഘോഷിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് മുൻ ആസ്റ്റൺ വില്ല താരം ഗാബി അബലോഹർ നടത്തിയത്.

“മത്സരത്തിലെ ഒരു കാര്യം എനിക്ക് തീരെ ഇഷ്‌ടമായില്ല. മാർട്ടിനെല്ലി ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റിലേക്ക് പന്തുമായി ഓടിപ്പോവുകയും ഗോൾ നേടുന്നതിന് മുൻപ് ആഘോഷം നടത്തുകയും ചെയ്‌തത് എനിക്കിഷ്‌ടമായില്ല. താരത്തിന് ഒരു മാസമെങ്കിലും അതൊരു അസംബന്ധമായി തോന്നും. ഒരു ടാപ്പിൻ ഗോൾ അടിക്കാൻ പോയയാളാണ് അതിനു മുൻപ് അതാഘോഷിച്ചത്. അത് കൂടെ കളിക്കുന്നവരോടുള്ള അപമര്യാദയാണ്.” ഗാബി മത്സരത്തിന് ശേഷം പറഞ്ഞു.

മത്സരം മികച്ചതായിരുന്നുവെന്നു പറഞ്ഞ ഗാബി ആഴ്‌സണൽ ആദ്യപകുതിയിൽ ഒന്ന് മങ്ങിയെങ്കിലും രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തിയെന്നും പറഞ്ഞു. മത്സരത്തിന്റെ അവസാനമിനുട്ടുകളിൽ എമിലിയാനോ മാർട്ടിനസ് സമയം കളയുന്നതിനു വേണ്ടി നടത്തിയ പ്രവൃത്തിയും തനിക്ക് ഇഷ്‌ടമായില്ലെന്നും ഗാബി പറഞ്ഞു. എത്ര സമയം നഷ്‌ടമാക്കിയാലും അത് ഇഞ്ചുറി ടൈമിൽ വരുമെന്നും എമിലിയാനോ മാർട്ടിനസിന്റെ പ്രവൃത്തി സ്പോർട്സ്മാൻ സ്പിരിറ്റിന് യോജിക്കുന്ന ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.