പിഎസ്‌ജിയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ഒരേയൊരാൾ, പ്രശ്‌നങ്ങൾ ഇനിയും വർധിക്കുമെന്ന് വെളിപ്പെടുത്തൽ

ഈ സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിലാണ് പിഎസ്‌ജി കളിച്ചിരുന്നത്. എന്നാൽ ഖത്തർ ലോകകപ്പ് കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം ടീമിന്റെ ഫോമിൽ വളരെയധികം ഇടിവുണ്ടായി. ഫ്രഞ്ച് കപ്പിൽ നിന്നും പുറത്തായ പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് ആദ്യപാദത്തിൽ തോൽവി വഴങ്ങി. ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോൾ ടീം കിരീടം നേടുമെന്ന് ഉറപ്പിക്കാനൊന്നും കഴിയില്ല.

പിഎസ്‌ജി ടീമിലെ ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് ക്ലബിന്റെ മുൻ സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോയും ഉത്തരവാദിയാണെന്നാണ് മുൻ താരമായ ജെറോം റോത്തൻ പറയുന്നത്. ലിയനാർഡോ ഡയറക്റ്റർ ആയിരുന്ന സമയത്ത് നിരവധി താരങ്ങൾക്ക് വമ്പൻ പ്രതിഫലമുള്ള കരാർ നൽകിയിരുന്നുവെന്നും അവർ ഇപ്പോഴും ടീമിന് ബാധ്യതയായി തുടരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ സമ്മറിൽ ലോണിൽ ക്ലബ് വിട്ട താരങ്ങളെക്കുറിച്ചാണ് റോത്തൻ പരാമർശിച്ചത്.

“കഴിഞ്ഞ സമ്മറിൽ നിരവധി കളിക്കാരെ ലോണിൽ വിട്ടു, ഇവർക്കെല്ലാം ഉയർന്ന ശമ്പളമാണ് പിഎസ്‌ജി നൽകിയിരുന്നത്. അവരെ വിൽക്കാൻ കഴിയാതിരുന്നതിനാൽ ലോണിൽ വിട്ടു, എന്നാൽ അവരിൽ പലരുടെയും ശമ്പളത്തിന്റെ ഒരു ഭാഗം ഇപ്പോഴും പിഎസ്‌ജി നൽകുന്നു. ഈ താരങ്ങൾ മടങ്ങി വരുന്നത് കൂടുതൽ പ്രശ്‌നമാകും. അവരെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ക്ലബുകൾക്ക് അവസരമുണ്ടെങ്കിലും പലരും ഇപ്പോൾ തന്നെ താരങ്ങളെ ഒഴിവാക്കാനൊരുങ്ങുന്നുണ്ട്.” റോത്തൻ പറഞ്ഞു.

ലിയാൻഡ്രോ പരഡെസ്, മൗറോ ഇകാർഡി, ജൂലിയൻ ഡ്രാക്‌സ്‌ലർ, ലായ്വിൻ കുർസോവ, ജിനി വൈനാൾഡാം, കെയ്‌ലർ നവാസ് എന്നിവരാണ് പിഎസ്‌ജി ലോണിൽ വിട്ട പ്രധാന താരങ്ങൾ. ഇവരിൽ ചിലരെല്ലാം അടുത്ത സമ്മറിൽ ക്ലബ്ബിലേക്ക് വരാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ തന്നെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കാരണം പുതിയ താരങ്ങളെ സ്വന്തമാക്കാൻ കഴിയാത്ത പിഎസ്‌ജിയിലേക്ക് ഈ താരങ്ങൾ കൂടി വന്നാൽ സ്ഥിതി ഗുരുതരമാകും. ടീമിലെ വമ്പൻ താരങ്ങളെ ഒഴിവാക്കാനുള്ള നീക്കങ്ങൾ പിഎസ്‌ജി ആരംഭിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്ന് വേണമെങ്കിൽ കരുതാം.