അർജന്റീന വിടും, റൊണാൾഡോ ആരാധകനായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ദേശീയ ടീം മാറാനൊരുങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഏവരുടെയും പ്രിയങ്കരനായി മാറുന്ന യുവതാരമാണ് അലസാൻഡ്രോ ഗർനാച്ചോ. കഴിഞ്ഞ സീസണിൽ അരങ്ങേറ്റം കുറിച്ച താരത്തിന് അതിനു ശേഷം എറിക് ടെൻ ഹാഗുമായുള്ള ചെറിയ പ്രശ്‌നങ്ങൾ കാരണം ഈ സീസണിന്റെ തുടക്കത്തിൽ അധികം അവസരങ്ങൾ ലഭിച്ചില്ലെങ്കിലും പിന്നീട് പിഴവുകൾ തിരുത്തി സീനിയർ ടീമിൽ സ്ഥിരസാന്നിധ്യമായി മാറിയ താരം മികച്ച പ്രകടനവും താരം നടത്തുന്നുണ്ട്.

നിലവിൽ അർജന്റീന ദേശീയ ടീമിന്റെ താരമായാണ് അറിയപ്പെടുന്നതെങ്കിലും സ്പെയിൻ ദേശീയ ടീമിന് വേണ്ടിയും കളിക്കാൻ ഗർനാച്ചോക്ക് കഴിയും. സ്പെയിനിൽ ജനിച്ച താരം മാഡ്രിഡ് ക്ലബുകളായ ഗെറ്റാഫെ, അത്ലറ്റികോ മാഡ്രിഡ് എന്നിവയുടെ അക്കാദമികളിൽ കളിച്ചിരുന്നു. അതിനു ശേഷം 2020ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ താരം രണ്ടു വർഷം അവിടുത്തെ അക്കാദമിയിൽ കളിച്ചതിനു ശേഷമാണ് സീനിയർ ടീമിലെത്തിയത്.

സ്പെയിൻ അണ്ടർ 18 ടീമിന് വേണ്ടി കളിച്ചതിനു ശേഷം അർജന്റീനയുടെ അണ്ടർ 20 ടീമിലേക്ക് മാറിയ ഗർനാച്ചോക്ക് സീനിയർ ടീമിലും ഇടം ലഭിച്ചിട്ടുണ്ട്. എന്നാൽ സ്‌ക്വാഡിൽ ഉൾപ്പെട്ടതല്ലാതെ ഒരു മത്സരത്തിൽ പോലും താരത്തിന് കളത്തിലിറങ്ങാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഖത്തർ ലോകകപ്പിനുള്ള സ്‌ക്വാഡിൽ സ്‌കലോണി ഉൾപ്പെടുത്താതിരുന്ന താരം ദേശീയ ടീം മാറുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ലോകകപ്പിന് മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനമാണ് താരം നടത്തിയിരുന്നത്.

മാർച്ചിൽ അർജന്റീന ലോകകപ്പിന് ശേഷമുള്ള ആദ്യ സൗഹൃദ മത്സരങ്ങൾ കളിക്കുമ്പോൾ അതിലും അവസരം ലഭിച്ചില്ലെങ്കിൽ ദേശീയ ടീം മാറുന്നതിനെ കുറിച്ച് ഗർനാച്ചോ ആലോചിക്കുന്നുണ്ട്. താരത്തെ തങ്ങളുടെ ടീമിലെത്തിക്കാനുള്ള പദ്ധതികൾ സ്പെയിനും ആരംഭിച്ചു കഴിഞ്ഞു. പെട്ടന്ന് തന്നെ അവസരങ്ങൾ നൽകാമെന്നാണ് സ്പെയിൻ താരത്തിന് നൽകുന്ന വാഗ്‌ദാനം. റൊണാൾഡോയുടെ ആരാധകനായ ഗർനാച്ചോയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമം നടത്തുന്നുമുണ്ട്.