മെസിയുടെ മാരക ഫ്രീകിക്ക്, എംബാപ്പയുടെ ഇരട്ടഗോളുകൾ; വിജയത്തിലും വേദനയായി നെയ്‌മറുടെ പരിക്ക്

പിഎസ്‌ജിയിൽ വിവാദങ്ങളുടെ നടുവിൽ നിൽക്കുന്നതിനിടെ ലോകകപ്പിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് നെയ്‌മർ ഇന്ന് ഫ്രഞ്ച് ലീഗിൽ ലില്ലെക്കെതിരെ നടത്തിയത്. ബയേൺ മ്യൂണിക്കിനോട് ചാമ്പ്യൻസ് ലീഗിൽ വഴങ്ങിയ തോൽവിയുടെ ക്ഷീണം മാറ്റാൻ വേണ്ടി ഇറങ്ങിയ പിഎസ്‌ജിക്ക് വേണ്ടി മത്സരത്തിന്റെ ആദ്യ പകുതിയിൽ താനെ ഒരു ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കി. എന്നാൽ രണ്ടാം പകുതിയിൽ പരിക്കേറ്റു മടങ്ങാനായിരുന്നു താരത്തിന് വിധി.

മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിലാണ് പിഎസ്‌ജിയുടെ ആദ്യത്തെ ഗോൾ വരുന്നത്. നെയ്‌മർ നൽകിയ ത്രൂ ബോൾ തന്റെ സ്വതസിദ്ധമായ റണ്ണിങ്ങിനു ശേഷം രണ്ടു ബോക്‌സിലെത്തി ഒരു നട്ട്മെഗിൽ രണ്ടു താരങ്ങളെ മറികടന്നാണ് എംബാപ്പെ വല കുലുക്കിയത്. അതിനു പിന്നാലെ തന്നെ നെയ്‌മറും ഗോൾ നേടി. മെസി തുടങ്ങി വെച്ച ഒരു മുന്നേറ്റത്തിനൊടുവിൽ വിറ്റിന്യക്ക് ലഭിച്ച പന്ത് താരം നെയ്‌മർക്ക് നൽകിയപ്പോൾ താരം അത് വലയിലേക്ക് തട്ടിയിട്ടാണ് പിഎസ്‌ജിക്ക് വീണ്ടും ലീഡ് നൽകിയത്.

ആദ്യപകുതിയിൽ ലില്ലെ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരത്തിൽ പിഎസ്‌ജിക്ക് മുൻ‌തൂക്കം ഉണ്ടായിരുന്നു. എന്നാൽ അൻപത്തിയൊന്നാം മിനുട്ടിൽ കളിയുടെ ഗതി മാറ്റിയാണ് നെയ്‌മർക്ക് പരിക്കേൽക്കുന്നത്. ലില്ലെ താരത്തിന്റെ ഫൗളിൽ മൈതാനത്ത് വീണ നെയ്‌മർ എഴുന്നേറ്റു നിൽക്കാൻ തന്നെ ബുദ്ധിമുട്ടി. ഒടുവിൽ സ്‌ട്രെച്ചറിലാണ് താരത്തെ കളിക്കളത്തിൽ നിന്നും മാറ്റിയത്. മൈതാനം വിടുമ്പോൾ താരം രോഷാകുലനായി കാണപ്പെട്ടത് പരിക്ക് ഗുരുതരമാണെന്ന സൂചന നൽകുന്നു.

നെയ്‌മർ പരിക്കേറ്റു പുറത്തു പോയതിനു ശേഷം ലില്ലെ തിരിച്ചു വരുന്നതാണ് കണ്ടത്. ആദ്യപകുതിയിൽ ദിയാകിറ്റെ നേടിയ ഒരു ഗോളിന് പുറമെ രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ വല കുലുക്കി ജോനാഥൻ ഡേവിഡ് ലില്ലെയെ ഒപ്പമെത്തിച്ചു. അതിനു ശേഷം ജോനാഥൻ മാംബയും ഗോൾ നേടിയതോടെ മത്സരത്തിൽ ലില്ലെ മുന്നിലെത്തി. പിഎസ്‌ജി തോൽവിയിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ചെങ്കിലും എൺപത്തിയേഴാം മിനുട്ടിൽ മികച്ചൊരു ഫിനിഷിംഗിലൂടെ എംബാപ്പെ ടീമിന് സമനില നേടിക്കൊടുത്തു.

ഇഞ്ചുറി ടൈമിലാണ് മത്സരം മാറിമറിഞ്ഞത്. അതുവരെ മത്സരത്തിൽ ഗോളോ അസിസ്റ്റോ നേടാൻ കഴിയാതിരുന്ന മെസിക്ക് ബോക്‌സിനു തൊട്ടു പുറത്തു നിന്നും ഒരു ഫ്രീ കിക്ക് ലഭിച്ചു. താരമെടുത്ത മനോഹരമായ ഷോട്ട് പോസ്റ്റിൽ തട്ടി അകത്തു കയറിയതോടെ മത്സരത്തിൽ വിജയം പിഎസ്‌ജി സ്വന്തമാക്കി. പ്രതിഭകൾക്ക് മത്സരം തങ്ങളുടേതാക്കാൻ ഒരു നിമിഷം മതിയെന്ന് തെളിയിക്കുന്നതായിരുന്നു മെസിയുടെ ഫ്രീകിക്ക് ഗോൾ.