സ്‌കലോണി ടീമിലെടുക്കാൻ യൂറോപ്പിൽ തന്നെ കളിക്കണം, മെസിയുടെ കാര്യത്തിൽ പ്രതീക്ഷ നൽകുന്ന വെളിപ്പെടുത്തൽ

അർജന്റീന ടീമിന്റെ പരിശീലകനായി സ്‌കലോണി സ്ഥാനമേറ്റെടുക്കുമ്പോൾ വലിയ പ്രതീക്ഷകളൊന്നും ആരാധകർ വെച്ചു പുലർത്തിയിരുന്നില്ല. എന്നാൽ താൽക്കാലിക പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം തന്റെ ജോലി മെല്ലെ തുടങ്ങിയ സ്‌കലോണി നിരവധി താരങ്ങളെ മാറിമാറി പരീക്ഷിച്ച് ഒരു മികച്ച ടീമിനെ ഉണ്ടാക്കിയെടുത്തു. അതിനു ശേഷം സ്ഥിരം പരിശീലകനായി മാറിയ അദ്ദേഹം കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ സാധ്യമായ മൂന്നു കിരീടങ്ങളും അർജന്റീനക്ക് നേടിക്കൊടുക്കുകയും ചെയ്‌തു.

ലയണൽ സ്‌കലോണിയുടെ അർജന്റീന ടീമിലെ നിർണായകസാന്നിധ്യമാണ് മുന്നേറ്റനിര താരം ഏഞ്ചൽ ഡി മരിയ. ലയണൽ സ്‌കലോണിക്ക് കീഴിൽ അർജന്റീന നേടിയ മൂന്നു കിരീടനേട്ടങ്ങളിലും കലാശപ്പോരാട്ടത്തിൽ ഗോൾ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം താരം ഒരു വെളിപ്പെടുത്തൽ നടത്തി. അർജന്റീന ടീമിൽ തുടരണമെന്നുണ്ടെങ്കിൽ യൂറോപ്പിൽ തന്നെ കളിക്കണമെന്നാണ് താരം പറയുന്നത്. തന്റെ ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ വെളിപ്പെടുത്തുമ്പോഴാണ് ഡി മരിയ ഇക്കാര്യം വെളിപ്പെടുത്തിയത്.

“അടുത്ത ലോകകപ്പിൽ കളിക്കാമെന്ന സ്വപ്‌നം ഞാൻ കാണുന്നില്ല, പക്ഷെ 2024ൽ നടക്കുന്ന അടുത്ത കോപ്പ അമേരിക്കയിൽ കളിക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. അവിടെയുണ്ടാകാൻ വേണ്ടി ഞാൻ സാധ്യമായതെല്ലാം ചെയ്യും. കോപ്പ അമേരിക്കയിൽ കളിക്കണമെങ്കിൽ യൂറോപ്പിൽ തന്നെ തുടരേണ്ടത് വളരെ പ്രധാനമാണ്, അല്ലെങ്കിൽ ലയണൽ സ്‌കലോണി ടീമിലെടുക്കില്ല. കോപ്പ അമേരിക്കയിൽ ഉണ്ടാകണമെന്ന് ഞാൻ വളരെയധികം ആഗ്രഹിക്കുന്നു.” ഡി മരിയ പറഞ്ഞു.

“യൂറോപ്പിൽ തന്നെ തുടരുമ്പോൾ പ്രത്യേകിച്ചൊരു ക്ലബ്ബിൽ എനിക്ക് താൽപര്യം ഒന്നുമില്ല. ഞാൻ ഇവിടെ സംതൃപ്തനാണ്, നിലവിൽ ഈ ക്ലബ് ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കരാർ പുതുക്കുന്നതിനെ കുറിച്ച് ഒന്നും സംസാരിക്കാനില്ല. യുവന്റസുമായോ മറ്റു ക്ലബുമായോ ഞാൻ ചർച്ചകൾ നടത്തിയിട്ടില്ല. മികച്ച പ്രകടനം നടത്തി എന്റെ മൂല്യം തെളിയിക്കാനാണ് ശ്രമിക്കുന്നത്.” ഡി മരിയ പറഞ്ഞു.

യൂറോപ്യൻ ഫുട്ബോളിൽ കളിക്കുന്ന താരങ്ങൾക്കാണ് അർജന്റീന ടീമിൽ സ്‌കലോണി പ്രാധാന്യം നൽകുന്നതെന്ന വെളിപ്പെടുത്തൽ ലയണൽ മെസിയുടെ കാര്യത്തിൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. ഈ സീസണു ശേഷം താരം പിഎസ്‌ജി വിടുമെന്നും അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അർജന്റീന ടീമിൽ ഏറ്റവും മികച്ച രീതിയിൽ തുടരണമെങ്കിൽ മെസി യൂറോപ്പിൽ തന്നെ നിലനിൽക്കാനാവും ആഗ്രഹിക്കുന്നുണ്ടാവുക.