മെസി! മെസി! മെസി! ആ ഗോൾ പിഎസ്‌ജിക്ക് നൽകിയ ഊർജ്ജം ചെറുതല്ല, മതിമറന്നാഘോഷിച്ച് പരിശീലകനും ഡയറക്റ്ററും

പരാജയത്തിന്റെ വക്കിൽ നിന്നുമുള്ള പിഎസ്‌ജിയുടെ ഉയർത്തെഴുന്നേൽപ്പാണ്‌ കഴിഞ്ഞ ദിവസം ലില്ലെക്കെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ പിഎസ്‌ജി പിന്നീട് മൂന്നു ഗോൾ വഴങ്ങി പരാജയത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാൽ പിന്നീടൊരു ഗോൾ കൂടി നേടിയ പിഎസ്‌ജിക്ക് വേണ്ടി മെസി ഇഞ്ചുറി ടൈമിൽ അതിമനോഹരമായൊരു ഫ്രീ കിക്ക് ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

മെസി പന്തുമായി മുന്നേറുന്നതിനിടെ ഫൗൾ ചെയ്യപ്പെട്ടതിനെ തുടർന്നാണ് റഫറി ഫ്രീ കിക്ക് നൽകിയത്. ഫ്രീ കിക്ക് ഗോളുകൾ നേടുന്നതിൽ വൈദഗ്ദ്യം തെളിയിച്ച മെസിയുടെ പെർഫെക്റ്റ് പൊസിഷനിൽ നിന്നാണ് കിക്കെടുക്കാൻ അവസരം ലഭിച്ചത്. ലില്ലെ താരങ്ങൾ കൃത്യമായ മതിൽ കെട്ടിയിരുന്നെങ്കിലും ചെറിയൊരു പഴുതു കണ്ടെത്തിയ മെസി അതിലൂടെ ഷോട്ട് പായിച്ചപ്പോൾ പോസ്റ്റിലിടിച്ച് പന്ത് വലയിലേക്ക് കയറി. വിജയം പിഎസ്‌ജിക്ക് സ്വന്തം.

പരാജയത്തിന്റെ വക്കിൽ നിന്നും മെസി നേടിത്തന്ന വിജയം പിഎസ്‌ജി താരങ്ങളും പരിശീലകനുമെല്ലാം മതിമറന്നാണ് ആഘോഷിച്ചത്. ടീമംഗങ്ങൾ എല്ലാവരും മെസിയെ അഭിനന്ദിക്കാൻ ഓടിയെത്തിയപ്പോൾ അതിനൊപ്പം സന്തോഷം പങ്കു വെക്കാൻ പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറുമുണ്ടായിരുന്നു. ടീമംഗങ്ങളെ പുണർന്നാണ് അദ്ദേഹം മെസിയുടെ ഗോൾ ആഘോഷിച്ചത്. ആദ്യമായാണ് ഇത്രയും വൈകാരിക മനോഭാവത്തോടെ ഒരു ഗോൾ ആഘോഷിക്കുന്നത്.

ഒരിക്കൽ കൂടി മെസി ഞങ്ങളെ രക്ഷിച്ചുവെന്നാണ് മത്സരത്തിന് ശേഷം പരിശീലകൻ പറഞ്ഞത്. പരിശീലകൻ മാത്രമല്ല, ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ ലൂയിസ് കാംപോസും വലിയ ആഘോഷമാണ് മെസിയുടെ ഗോളിൽ നടത്തിയത്. ഗാൾട്ടിയാരും കാംപോസും മുൻപ് ലില്ലെയിൽ ആയിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. എന്തായാലും പിഎസ്‌ജി താരങ്ങൾക്ക് പുതിയൊരു ഊർജ്ജവും ആത്മവിശ്വാസവും നൽകാൻ മെസിയുടെ ആ ഗോളിന് കഴിഞ്ഞുവെന്നതിൽ യാതൊരു സംശയവുമില്ല.