മാഞ്ചസ്റ്റർ യുണൈറ്റഡിൽ മിന്നൽപ്പിണറാകുന്ന റാഷ്‌ഫോഡ് ലക്ഷ്യമിടുന്നത് റൊണാൾഡോയുടെ റെക്കോർഡ്

എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയതിനു ശേഷം കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തിയിരുന്ന മാർക്കസ് റാഷ്‌ഫോഡ് ലോകകപ്പിന് ശേഷം മാരക ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞതിനു ശേഷം ഇറങ്ങിയ മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം ഗോൾ നേടാൻ കഴിയാതിരുന്ന താരം പതിനേഴു മത്സരങ്ങളിൽ നിന്നും പതിനാറു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കി. നിലവിൽ യൂറോപ്പിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന സ്‌ട്രൈക്കർ റാഷ്‌ഫോഡ് തന്നെയാണ്.

ഇന്നലെ ലൈസ്റ്റർ സിറ്റിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയപ്പോൾ രണ്ടു ഗോളുകൾ നേടിയത് റാഷ്‌ഫോഡ് ആയിരുന്നു. ഇതോടെ ഓൾഡ് ട്രാഫോഡിൽ തുടർച്ചയായി ഏഴു മത്സരങ്ങളിൽ ഗോൾ നേടിയ താരമെന്ന റൂണിയുടെ റെക്കോർഡിനൊപ്പമെത്താൻ റാഷ്‌ഫോഡിന് കഴിഞ്ഞു. ഓൾഡ് ട്രാഫോഡിൽ തുടർച്ചയായ പത്ത് മത്സരങ്ങളിൽ ഗോൾ നേടിയ റൊണാൾഡോയുടെ റെക്കോർഡ് തകർക്കാൻ താരത്തിന് കഴിയുമോയെന്നാണ് ഇനി അറിയേണ്ടത്.

റാഷ്‌ഫോഡിന്റെ ഫോം മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ കുതിപ്പാണ് സമ്മാനിക്കുന്നത്. ഇന്നലത്തെ മത്സരത്തിലെ വിജയത്തോടെ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ വെറും മൂന്നു പോയിന്റ് മാത്രം പിന്നിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിൽക്കുന്നത്. ആഴ്‌സണലിനും മാഞ്ചസ്റ്റർ സിറ്റിക്കും അടിപതറിയാൽ അവസാനഘട്ടങ്ങളിൽ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമുണ്ടാകും.

യൂറോപ്പ ലീഗ് പ്ലേ ഓഫിന്റെ ആദ്യപാദത്തിൽ ബാഴ്‌സലോണക്കെതിരെ സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത പാദത്തിൽ സ്വന്തം മൈതാനത്ത് മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. ഇതിനു പുറമെ ഈ സീസണിലെ ആദ്യ കിരീടത്തിനായി കറബാവോ കപ്പിന്റെ ഫൈനലിൽ ന്യൂകാസിലിനെയും അവർ നേരിടും. ഈ മത്സരങ്ങളിലെല്ലാം ടീമിന് കുതിപ്പ് നൽകുന്നത് റാഷ്‌ഫോഡിന്റെ കാലുകളാണ്. എംബാപ്പെക്ക് തുല്യനാണ് റാഷ്‌ഫോഡെന്ന അഭിപ്രായം മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ താരമത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.