ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളി സുവാരസിന്റെ സ്വന്തം ക്ലബ്, പ്രതിഫലത്തുക ഉയർത്തി കൊമ്പൻമാരുടെ നീക്കം | Kerala Blasters

പരിക്ക് പാട്ടി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് വിശ്രമത്തിലിരിക്കുന്ന അഡ്രിയാൻ ലൂണക്ക് ഈ സീസൺ മുഴുവൻ നഷ്‌ടമാകുമെന്നതിനാൽ അതിനു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം നൽകുന്നതാണ്. എംഎൽഎസ് ക്ലബിൽ കളിച്ചിരുന്ന യുറുഗ്വായ് താരം നിക്കോളാസ് ലോഡെയ്‌രോക്കു വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നത്.

മുപ്പത്തിനാല് വയസുള്ള ലോഡെയ്‌രോക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് സജീവമായി തന്നെ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ ലീഗിലെ ക്ലബായ സീറ്റിൽ സൗണ്ടേഴ്‌സിന്റെ താരമായിരുന്നു ലോഡെയ്‌രോ. ഡിസംബറിൽ കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. എന്നാൽ മുൻ യുറുഗ്വായ്ക്ക് വേണ്ടി നിരവധി മത്സരങ്ങൾ കളിച്ച താരത്തെ സ്വന്തമാക്കുന്ന കാര്യത്തിൽ ചില വെല്ലുവിളികൾ കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നിലുണ്ട്.

ലോഡെയ്‌രോയുടെ മുൻ ക്ലബായ നാഷണൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന വെല്ലുവിളി. കരിയറിന്റെ തുടക്കത്തിലും ഗ്രെമിയോയിലേക്ക് ചേക്കേറുന്നതിനു മുൻപും ലൂയിസ് സുവാരസ് കളിച്ച ക്ലബാണ് നാഷണൽ. യുറുഗ്വായ് ആസ്ഥാനമായുള്ള പ്രധാന ക്ലബായ ഇതിനു വേണ്ടിയാണ് കരിയറിന്റെ തുടക്കത്തിൽ ലോഡെയ്‌രോയും കളിച്ചിരുന്നത്. നാഷണലിലേക്ക് തിരികെ പോകാനുള്ള ആഗ്രഹം താരം പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ലോഡെയ്‌രോയുടെ കരാർ അവസാനിക്കുന്നതിനാൽ താരത്തെ സ്വന്തമാക്കാൻ നാഷണൽ ശ്രമങ്ങൾ നടത്തിയിരുന്നു. അതിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഓഫറുമായി രംഗത്തു വന്നിരിക്കുന്നത്. നാഷണലിലേക്ക് ചേക്കേറാനാണ് ലോഡെയ്‌രോ ആഗ്രഹിക്കുന്നതെങ്കിലും കൂടുതൽ മികച്ച ഓഫർ നൽകിയിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ താരം അത് പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

മുപ്പത്തിനാലുകാരനാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന് ഒരുപാട് നൽകാൻ കഴിയുന്ന താരമാണ് ലോഡെയ്‌രോ. ഇക്കഴിഞ്ഞ സീസണിൽ എംഎൽഎസ് വെസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത സീറ്റിൽ സൗണ്ടേഴ്‌സിന്റെ പ്രധാന താരമായിരുന്നു നിക്കോളാസ് ലോഡെയ്‌രോ. ടീമിന്റെ പത്താം നമ്പർ ജേഴ്‌സിയും താരമാണ് അണിഞ്ഞിരുന്നത്. എന്തായാലും താരത്തിനായി സജീവമായ ശ്രമമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

Kerala Blasters Facing Battle From Nacional For Nicolas Lodeiro