ബ്ലാസ്‌റ്റേഴ്‌സിനെ തൊട്ടു കളിച്ചാൽ പണി ഏതു വഴിയെല്ലാം വരുമെന്ന് ഐഎസ്എല്ലും അറിഞ്ഞു, കിട്ടിയത് മുട്ടൻ പണി

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയുമായി നടന്ന മത്സരത്തിലുണ്ടായ വിവാദങ്ങളുടെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിൽ റഫറി എടുത്ത തെറ്റായ തീരുമാനത്തിനെതിരെ ആദ്യം ടീം പ്രതിഷേധിച്ചെങ്കിൽ ഇപ്പോൾ ആ പ്രതിഷേധം മുന്നോട്ടു കൊണ്ടു പോകുന്നത് ആരാധകരാണ്. സോഷ്യൽ മീഡിയ ഇതിനൊരു ഉപകരണമാക്കി മാറ്റി തങ്ങളുടെ പ്രതിഷേധം കൃത്യമായി ആരാധകർ അറിയിച്ചു കൊണ്ടേയിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ ട്രോളുകളും പ്രതിഷേധങ്ങളും കൊടുമ്പിരിക്കൊണ്ടതിന്റെ ചൂട് സുനിൽ ഛേത്രിയും അനുഭവിക്കുകയുണ്ടായി. തങ്ങളുടെ അമർഷം താരത്തിന്റെ പ്രൊഫൈലിൽ പ്രകടിപ്പിച്ച ആരാധകർ അതിനു ശേഷം ഐഎസ്എല്ലിന് എതിരെയും തിരിയുകയുണ്ടായി. ഹാഷ്‌ടാഗുകൾ ഉൾപ്പെടെയുള്ള പ്രതിഷേധത്തിന് പുറമെ അൺഫോളോ ക്യാംപയിൻ ആരാധകർ ആരംഭിച്ചപ്പോൾ ഐഎസ്എൽ ഇൻസ്റ്റാ പേജിനു ഒരു ലക്ഷം ഫോളോവേഴ്‌സിനെ ഒറ്റ രാത്രി കൊണ്ട് നഷ്‌ടമായിരുന്നു.

ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫിഷ്യൽ ആപ്പിനും പണി കൊടുത്തിരിക്കയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള ആപ്പിന് നേരത്തെ നാല് സ്റ്റാർ റേറ്റിങ് ഉണ്ടായിരുന്നെങ്കിൽ അതിപ്പോൾ ഒന്നായി കുറഞ്ഞിട്ടുണ്ട്. അതിനു പുറമെ ലോകത്തിലെ ഏറ്റവും മോഡം ലീഗാണ് ഇതെന്നും മത്സരം നിയന്ത്രിക്കുന്നത് മോശം റഫറിമാരാണെന്നും ആരും ആപ്പ് ഡൗൺലോഡ് ചെയ്യരുതെന്നുമുള്ള നിരവധി റിവ്യൂകളും ആരാധകർ നൽകിയിരിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശക്തി ഐഎസ്എല്ലിന് മനസിലാക്കി നൽകിയതിനൊപ്പം തെറ്റായ തീരുമാനങ്ങൾ എടുത്താൽ പ്രതിഷേധങ്ങൾ അലയടിച്ചുയരുമെന്നും ഇതിലൂടെ അവർ വ്യക്തമാക്കുന്നു. അതേസമയം വലിയ പ്രതിഷേധം ആരാധകർ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ അധികൃതർ മടിച്ചു നിൽക്കെയാണ്. ഐഎസ്‌എല്ലിന് ശേഷമേ ഇതിൽ തീരുമാനമാകൂ.