നെയ്‌മറുടെ പുതിയ നിലപാട്, ലയണൽ മെസിയുടെ ഭാവിയെ ബാധിക്കുമെന്നുറപ്പായി

ചാമ്പ്യൻസ് ലീഗ് വിജയമെന്ന സ്വപ്‌നം പൂർത്തിയാക്കാനാണ് എംബാപ്പെ, നെയ്‌മർ എന്നിവർക്കൊപ്പം ലയണൽ മെസിയെക്കൂടി പിഎസ്‌ജി അണിനിരത്തിയത്. എന്നാൽ ഈ മൂന്നു താരങ്ങൾ ഒരുമിച്ച രണ്ടാമത്തെ സീസണിലും അവസാന പതിനാറു കടക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞില്ല. അതിനു പുറമെ ഇവർക്ക് ഭീമമായ തുക പ്രതിഫലം നൽകണമെന്നതിനാൽ മറ്റു താരങ്ങളെ സ്വന്തമാക്കുന്നതിലും പരിമിതിയുണ്ട്. അതുകൊണ്ടു തന്നെ ഇവരെ ഒഴിവാക്കുന്ന കാര്യം പിഎസ്‌ജി പരിഗണിക്കുന്നുണ്ട്.

അതിനിടയിൽ തന്റെ ഭാവിയെക്കുറിച്ച് നെയ്‌മർ നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വരുന്ന സമ്മറിൽ ബ്രസീലിയൻ താരത്തെ വിൽക്കാൻ പിഎസ്‌ജിക്ക് താൽപര്യമുണ്ടെങ്കിലും ഫ്രാൻസ് വിടാൻ നെയ്‌മർ തയ്യാറല്ലെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. നെയ്‌മറുടെ പിഎസ്‌ജി കരാർ 2025 വരെയാണെങ്കിലും അത് രണ്ടു വർഷത്തേക്ക് കൂടി നീട്ടാൻ താരത്തിന് കഴിയും. അതു നീട്ടി ക്ലബിനൊപ്പം തുടർന്ന് പിഎസ്‌ജിയിൽ തന്നെ തന്റെ കരിയർ അവസാനിപ്പിക്കുന്നതിനാണ് നെയ്‌മർ ഒരുങ്ങുന്നത്.

നെയ്‌മർ ഈ നിലപാട് സ്വീകരിച്ചാൽ അത് ലയണൽ മെസി സീസണു ശേഷം ക്ലബ് വിടുമെന്ന് ഉറപ്പിക്കുന്നുണ്ട്. എംബാപ്പയുടെ കരാർ പുതുക്കിയതോടെ ടീമിലെ വേതനബില്ലിന്റെ കാര്യത്തിൽ പിഎസ്‌ജി പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ താരങ്ങളെ സ്വന്തമാക്കണമെങ്കിൽ മെസി, നെയ്‌മർ എന്നിവരിൽ ഒരാളെ ഒഴിവാക്കിയേ തീരൂ. നെയ്‌മർ തുടരാൻ തീരുമാനിച്ചാൽ മെസിയെ ഒഴിവാക്കാൻ പിഎസ്‌ജി നിർബന്ധിതരാകും.

പിഎസ്‌ജിയിൽ എത്തിയതിനു ശേഷം പരിക്ക് കാരണം നിരവധി മത്സരങ്ങൾ നെയ്‌മർക്ക് നഷ്‌ടമായിട്ടുണ്ട്. ഈ സീസൺ മുഴുവൻ നഷ്‌ടമായ താരത്തെ ഒഴിവാക്കാനാണ് പിഎസ്‌ജിക്കും താൽപര്യമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനു ശേഷം എംബാപ്പയെ കേന്ദ്രമാക്കി പുതിയൊരു ടീമിനെ ഒരുക്കുകയെന്ന പദ്ധതിയും പിഎസ്‌ജിക്കുണ്ട്. എന്നാൽ നെയ്‌മർ തുടരാൻ തീരുമാനിച്ചാൽ അത് ചിലപ്പോൾ എംബാപ്പെ ക്ലബ് വിടുന്നതിലേക്ക് വരെ വഴിയൊരുക്കിയേക്കും.