ലെസ്‌കോവിച്ചിന്റെ പകരക്കാരൻ, ഇംഗ്ലണ്ട് പ്രതിരോധതാരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

നിരാശപ്പെടുത്തിയ മറ്റൊരു സീസണിന് ശേഷം അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ ആരംഭിച്ചിട്ടുണ്ട്. ഈ സീസണിലെ തിരിച്ചടികൾ മറികടക്കാനുള്ള നീക്കങ്ങൾ നടത്തുകയും ഇത്തവണ ഉണ്ടായ പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നേരത്തെ തന്നെ ചെയ്‌തു തുടങ്ങുക എന്നതുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

ടീമിനകത്ത് എത്രത്തോളം അഴിച്ചുപണികൾ നടക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ചില താരങ്ങൾ ക്ലബ് വിടുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. അതിൽ തന്നെ കഴിഞ്ഞ മൂന്നു സീസണുകളായി ടീമിനൊപ്പമുള്ള മാർകോ ലെസ്‌കോവിച്ച് അടുത്ത സീസണിൽ ഉണ്ടാകില്ല. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ക്രൊയേഷ്യൻ താരത്തിന് പകരക്കാരനെയും ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം എ ലീഗ് ക്ലബായ ബ്രിസ്‌ബേൻ റോറിന്റെ സെന്റർ ബാക്കായ ടോം ആൽഡറെഡിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത്. മുപ്പത്തിമൂന്നു വയസുള്ള ഇംഗ്ലീഷ് താരത്തിന്റെ കരാർ ഈ വരുന്ന ജൂണിൽ അവസാനിക്കുമെന്നിരിക്കെ ഫ്രീ ഏജന്റായി താരത്തെ സ്വന്തമാക്കാനുള്ള പ്രവർത്തനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

കരിയറിൽ നിരവധി ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ആൽഡ്രെഡ് പ്രീമിയർ ലീഗിൽ കളിച്ചിരുന്ന, ഇപ്പോൾ ചാമ്പ്യൻഷിപ്പ് ക്ലബായ വാട്ഫോഡിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 2019 വരെയും ഇംഗ്ലണ്ട്,സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ പല ക്ലബുകൾക്ക് വേണ്ടി കളിച്ച താരം അതിനു ശേഷമാണ് ബ്രിസ്‌ബേൻ റോറിലെത്തിയത്. അതിനു ശേഷം നൂറിലധികം മത്സരങ്ങൾ താരം അവിടെ കളിച്ചു.

ഈ സീസണിലും മികച്ച പ്രകടനം നടത്താൻ മാർകോ ലെസ്‌കോവിച്ചിന് കഴിഞ്ഞെങ്കിലും കൂടുതൽ മികച്ചൊരു സെന്റർ ബാക്കിനെ സ്വന്തമാക്കി പ്രതിരോധം കുറ്റമറ്റതാക്കാനുള്ള ശ്രമമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. അതേസമയം ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയുണ്ട്. ഓസ്‌ട്രേലിയയിലെ തന്നെ മറ്റൊരു ക്ലബായ വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സ് ആണ് താരത്തിനായി ശ്രമം നടത്തുന്നത്.

Kerala Blasters Interested In Tom Aldred