ദിമിയെക്കുറിച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞ വാക്കുകൾ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ് | Ivan Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസൺ അവസാനിച്ചു കഴിഞ്ഞു. പ്ലേ ഓഫ് മത്സരത്തിൽ ഒഡിഷ എഫ്‌സിക്കെതിരെ മികച്ച പ്രകടനം നടത്തി ഒരു ഗോളിന് മുന്നിലെത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ എതിരാളിയെ കൃത്യമായി തടുക്കാൻ കഴിയാതെ വിജയം കൈവിടുകയായിരുന്നു. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.

മത്സരത്തിൽ ഒരുപാട് അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ കഴിയാതെ പോയത് തിരിച്ചടിയായി. ടീമിന്റെ പ്രധാന താരങ്ങളിൽ പലരും പരിക്കേറ്റു പുറത്തു പോയത് സീസണിൽ മുഴുവൻ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയിരുന്നു. പ്ലേ ഓഫ് മത്സരത്തിലും സ്ഥിതി വിഭിന്നമായിരുന്നില്ല. സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസാണ് പരിക്ക് കാരണം കളിക്കാതിരുന്നത്.

മത്സരത്തിന് ശേഷം പരിശീലകൻ ഇവാൻ വുകോമനോവിച്ചും ദിമിത്രിയോസിന്റെ അഭാവത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ദിമിത്രിയോസിനെ മത്സരത്തിൽ മിസ് ചെയ്‌തുവെന്നാണ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇവാൻ വുകോമനോവിച്ച് പറഞ്ഞത്. താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാൻ കഴിയുമായിരുന്നു എന്ന് തന്നെയാണ് ഇവാന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

ഇവാൻ വുകോമനോവിച്ചിന്റെ വാക്കുകൾ ടീമിന് എത്രത്തോളം പ്രാധാന്യമുള്ള താരമാണ് ദിമിത്രിയോസ് എന്ന് വ്യക്തമാക്കുന്നു. അതൊരു തരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിനുള്ള മുന്നറിയിപ്പ് കൂടിയാണ്. ഈ സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന ദിമിത്രിയോസിന് അത് പുതുക്കി നൽകുന്നതിൽ നേതൃത്വം അലംഭാവം കാണിക്കരുതെന്ന് ഇവാൻ പരോക്ഷമായി പറയുന്നു.

പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് ഇവാൻ ദിമിത്രിയോസിനു പുതിയ കരാർ നൽകാത്തത്. എന്നാൽ കഴിഞ്ഞ രണ്ടു സീസണുകളിൽ ടീമിന്റെ ടോപ് സ്കോററായ ദിമിത്രിയോസ് ഐഎസ്എല്ലിൽ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞതാണ്. തന്റെ ശൈലിയുമായി ഒത്തിണങ്ങിയ താരത്തെ നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് തന്നെയാണ് ഇവാൻ സൂചിപ്പിക്കുന്നത്.

Ivan Vukomanovic On Dimitrios Absence In Play Off