അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിയുമോ, ഗോവയുടെ ഗോളടിവീരന്റെ മറുപടിയിങ്ങനെ | Noah Sadaoui

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലും കിരീടം സ്വന്തമാക്കാൻ കഴിയാതെ ബ്ലാസ്റ്റേഴ്‌സ് മടങ്ങി. നിരവധി വർഷങ്ങളായി ഒരു കിരീടം പോലുമില്ലെന്ന നാണക്കേട് ക്ലബ്ബിനെ അകമഴിഞ്ഞ് പിന്തുണക്കുന്ന ആരാധകർക്ക് നിരാശയാണ്. അടുത്ത സീസണിൽ കിരീടത്തിനായി പൊരുതാൻ കഴിയുന്ന ഏറ്റവും മികച്ച സ്‌ക്വാഡിനെ ഉണ്ടാക്കിയെടുക്കാൻ സമ്മർദ്ദം ചെലുത്താൻ മാത്രമേ ഇനി ആരാധകർക്ക് കഴിയൂ.

അടുത്ത സീസണിലേക്കുള്ള ടീമിനെ പടുത്തുയർത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. രണ്ടു സീസണുകളായി എഫ്‌സി ഗോവക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന മൊറോക്കൻ താരമായ നോവ സദൂയി അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിലെത്തുമെന്നും താരവുമായി ക്ലബ് കരാറിലെത്തിയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ സീസണിൽ മിന്നുന്ന പ്രകടനം നടത്തുകയും എഫ്‌സി ഗോവയെ സെമിയിലേക്ക് നയിക്കുകയും ചെയ്‌ത താരം പക്ഷെ തന്റെ ഭാവിയെക്കുറിച്ച് യാതൊരു പ്രതികരണവും നടത്താൻ തയ്യാറായില്ല. പ്ലേ ഓഫിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ഗോൾ നേടി സെമി ഫൈനലിൽ ഗോവയെ എത്തിക്കാൻ നിർണായക പങ്കു വഹിച്ച താരം മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു.

“എന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാൻ ഇത് ശരിയായ സമയമാണെന്ന് ഞാൻ കരുതുന്നില്ല. ഇപ്പോൾ ടീമിനും വരാനിരിക്കുന്ന മത്സരത്തിലുമാണ് ഞാൻ പൂർണമായും ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഭാവിയിൽ സംഭവിക്കുന്നത് എന്തു തന്നെയായാലും ഇവിടെ ഏറ്റവും മികച്ച പ്രകടനം നടത്താൻ തന്നെയാണ് ഞാൻ ശ്രമിക്കുക.” ഈ സീസണിൽ പതിനൊന്നു ഗോളുകൾ നേടിയ താരം പറഞ്ഞു.

ഈ സീസണിൽ പതിനൊന്നു ഗോളുകളും അഞ്ചു അസിസ്റ്റുകളും സ്വന്തമാക്കിയ താരമാണ് സദൂയി. താരം ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അടുത്ത സീസണിൽ അണിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ താരവുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനാൽ തന്നെ ഗോവ കിരീടം നേടിയാൽ താരം മനസ് മാറ്റുമോയെന്ന ആശങ്ക ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്.

Noah Sadaoui Talks About His Future