ലെസ്‌കോവിച്ചിന്റെ പകരക്കാരൻ, മറ്റൊരു താരത്തെക്കൂടി ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

എഫ്‌സി ഗോവ താരമായ നോവ സദൂയിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുണ്ടെന്ന് കഴിഞ്ഞ രണ്ടു ദിവസമായി സജീവമായ റിപ്പോർട്ടുകളുണ്ട്. മൊറോക്കൻ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ കളിക്കുമെന്ന് തന്നെയാണ് സൂചനകൾ. മുപ്പതുകാരനായ താരം രണ്ടു വർഷത്തെ കരാർ ബ്ലാസ്റ്റേഴ്‌സുമായി ഒപ്പിട്ടുവെന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

അതിനൊപ്പം മാർകോ ലെസ്‌കോവിച്ച് ഈ സീസണിന് ശേഷം ക്ലബ് വിടുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു. സദൂയിക്ക് ഇടം നൽകുന്നതിനു വേണ്ടിയാണ് ലെസ്‌കോ പുറത്തു പോകുന്നതെന്നാണ് കരുതിയതെങ്കിലും അതങ്ങിനെയല്ലെന്നാണ് കരുതേണ്ടത്. കാരണം ലെസ്കോക്ക് പകരക്കാരനായി മറ്റൊരു താരത്തെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.

റിപ്പോർട്ടുകൾ പ്രകാരം നിലവിൽ മുംബൈ സിറ്റി എഫ്‌സിയിൽ കളിക്കുന്ന സ്‌പാനിഷ്‌ ഡിഫെൻഡറായ തിരിയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഈ സീസണോടെ താരത്തിന്റെ കരാർ അവസാനിക്കും എന്നത് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുന്നത്. ഐഎസ്എല്ലിൽ വളരെയധികം പരിചയസമ്പത്തുള്ള താരമായ തിരി മൂന്ന് ഐഎസ്എൽ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ഇതിനു മുൻപ് ജംഷഡ്‌പൂരിൽ ആയിരുന്നപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സ് തിരിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. താരത്തിനും ടീമിലേക്ക് വരാൻ വളരെയധികം താൽപര്യമുണ്ടായിരുന്നു. എന്നാൽ കോവിഡ് മഹാമാരിയുടെ സമയത്തെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം വേതനത്തിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ താരം ബ്ലാസ്‌റ്റേഴ്‌സിനെ പരിഗണിച്ചില്ല. തന്റെ മുൻ ക്ലബായ എടികെയിലേക്ക് തിരി തിരിച്ചുപോയി.

എടികെ, മോഹൻ ബഗാൻ എന്നീ ടീമുകൾക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയ താരമാണ് തിരി. ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന താരം ടീമിലെത്തിയാൽ അത് വലിയൊരു നേട്ടമാകും. താരം വന്നാൽ അടുത്ത സീസണിൽ മിലോസുമൊത്ത് മികച്ചൊരു പ്രതിരോധം കെട്ടിപ്പടുക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

Kerala Blasters Linked With Tiri