കേരള ബ്ലാസ്റ്റേഴ്സിൽ വമ്പൻ മാറ്റങ്ങൾക്കു സാധ്യത, തിരിച്ചടികളെ മറികടക്കാൻ പുതിയ പരീക്ഷണങ്ങളുണ്ടാകും | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഫോം വീണ്ടെടുക്കാൻ പുതിയ പരീക്ഷണങ്ങളുണ്ടാകാൻ സാധ്യത. ഇന്ന് ചെന്നൈയിൻ എഫ്സിയുമായി അവരുടെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ടീമിന്റെ ഫോർമേഷനിൽ വലിയൊരു മാറ്റം വരുത്താനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ 4-4-2 എന്ന ഫോർമേഷനിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. ഇതിൽ നിന്നും മാറി 4-2-3-1 എന്ന ശൈലിയിലേക്ക് മാറാനുള്ള പദ്ധതിയിലാണ് ബ്ലാസ്റ്റേഴ്സെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ പ്രതിരോധത്തിലെ പിഴവുകളാണ് ടീം തോൽവി വഴങ്ങാൻ കാരണമായത്. അതിനു പരിഹാരമുണ്ടാക്കാൻ കൂടി വേണ്ടിയാണ് പുതിയ ഫോർമേഷനിലേക്ക് മാറുന്നത്.
Tactical Shake-Up! Reports suggest Kerala Blasters are set to unveil a new formation, switching from the iconic 4-4-2 to a dynamic 4-2-3-1 for tomorrow's match.⚽🌟 #KeralaBlasters #KBFC #ISL10 #Manjappada
— Transfer Market Live (@TransfersZoneHQ) February 15, 2024
പ്രതിരോധനിരക്കു മുന്നിൽ രണ്ടു ഡിഫെൻസിവ് മിഡ്ഫീൽഡർമാർ ഈ പൊസിഷനിൽ വരുന്നുണ്ടാകും. വിബിൻ മോഹനൻ പരിക്കു മാറി തിരിച്ചു വന്നതിനാൽ ജീക്സൺ സിങ്ങും വിബിനുമാകും ഈ പൊസിഷനിൽ കളിക്കുക. ചിലപ്പോൾ ഡാനിഷ് ഫാറൂഖിനെയും പരീക്ഷിച്ചേക്കാം. അതേസമയം ഈ പൊസിഷനിൽ മിഡ്ഫീൽഡിലും മുന്നേറ്റനിരയിലും വരുന്ന മാറ്റങ്ങൾ എന്തായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഏറ്റവും ക്രിയേറ്റിവായി കളിക്കുന്ന താരം ദിമിത്രിയോസാണ്. അതുകൊണ്ടു തന്നെ താരത്തെ പ്രധാന സ്ട്രൈക്കറായി നിയമിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഫെഡറിനെയോ ജസ്റ്റിനെയോ പ്രധാന സ്ട്രൈക്കറാക്കി അതിനു തൊട്ടു പിന്നിൽ ദിമിത്രിയോസിനെ കളിപ്പിക്കാനാണ് കൂടുതൽ സാധ്യതയുള്ളത്.
ചെന്നൈയിൻ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രാത്രി ഇറങ്ങുന്നത്. മത്സരത്തിൽ വിജയം നേടിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് നിലവിലെ ആരാധകരോഷത്തെ തണുപ്പിക്കാൻ കഴിയൂ. നിലവിലെ ഫോമിൽ ഷീൽഡ് നേടാനുള്ള സാധ്യത വളരെ കുറവാണെങ്കിലും പ്ലേ ഓഫിലേക്ക് മുന്നേറുകയെന്ന ലക്ഷ്യമാണ് ടീമിന് മുന്നിലുള്ളത്.
Kerala Blasters May Change Their Formation