ഗോളടിക്കാൻ പോയിട്ട് ഗോളിലേക്ക് ഷോട്ടുതിർക്കാൻ പോലും കഴിയുന്നില്ല, ഒരീച്ചയെ പോലും കടത്തി വിടാതെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം | Kerala Blasters

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശ നൽകിയ കാര്യമാണെങ്കിലും അത് മറ്റൊരു തരത്തിൽ ടീമിന് ഗുണം ചെയ്‌തുവെന്ന്‌ പറയാം. ലൂണയുടെ അഭാവത്തിൽ ഇവാൻ വുകോമനോവിച്ചിന് പുതിയൊരു ശൈലി അവലംബിക്കേണ്ടി വന്നത് കേരള ബ്ലാസ്റ്റേഴ്‌സിൽ ഒരു വിജയഫോർമുല രൂപപ്പെടുത്തിയിട്ടുണ്ട്. അതിൽ നിർണായകം ടീമിന്റെ പ്രതിരോധം തന്നെയാണ്.

ലൂണക്കു പകരം ഡൈസുകെയെ മുൻനിർത്തി ബ്ലാസ്റ്റേഴ്‌സ് തന്ത്രം മെനയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ജാപ്പനീസ് താരത്തിന് അവസരം ഇല്ലതാവുകയാണ് ചെയ്‌തത്‌. നാല് വിദേശതാരങ്ങളായി ദിമിത്രിയോസ്, പെപ്ര എന്നിവരെ മുന്നേറ്റനിരയിലും മാർകോ ലെസ്‌കോവിച്ച്, മീലൊസ് എന്നിവരെ ഡിഫെൻസിലും ഇറക്കി പ്രതിരോധത്തിലൂന്നിയുള്ള ശൈലിയാണ് ഇവാൻ വുകോമനോവിച്ച് ലൂണയുടെ അഭാവത്തിൽ വികസിപ്പിച്ചത്.

ഈ ശൈലി വലിയ വിജയമായി മാറിയതിൽ പിൻനിരയിൽ കളിക്കുന്ന മാർകോ-മീലൊസ് സഖ്യത്തിന് വലിയ പങ്കുണ്ട്. അപാരമായ ഒത്തിണക്കം മൈതാനത്ത് കാണിക്കുന്ന ഇവർ രണ്ടു പേരും ഒരുമിച്ച് ആദ്യ ഇലവനിൽ ഇറങ്ങിയ പഞ്ചാബ് എഫ്‌സിക്കെതിരെ മാത്രമാണ് അൽപമെങ്കിലും ഒന്നുലഞ്ഞത്. എങ്കിൽ പോലും മൂന്നു മത്സരങ്ങളിൽ മൂന്നിലും ക്ലീൻഷീറ്റ് നേടാൻ ഈ താരങ്ങൾക്ക് കഴിഞ്ഞു.

ക്ലീൻഷീറ്റ് നേടുക മാത്രമല്ല, എതിരാളികൾക്ക് ഒരു പഴുതും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം അനുവദിച്ചില്ലെന്നത് പ്രധാനപ്പെട്ട കാര്യമാണ്. പഞ്ചാബിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും വഴങ്ങിയിട്ടില്ല. അതുപോലെ തന്നെ മുംബൈ സിറ്റി. മോഹൻ ബഗാൻ എന്നീ കരുത്തരായ ടീമുകൾക്കെതിരെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഓരോ ഷോട്ട് ഓൺ ടാർഗറ്റ് മാത്രമാണ് വഴങ്ങിയത്.

ഈ കണക്കുകൾ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം എത്ര കുറ്റമറ്റ രീതിയിലാണ് കളിക്കുന്നതെന്ന് വ്യക്തമാക്കുന്നു. മാർകോ-ലെസ്‌കോ സഖ്യം മാത്രമല്ല, സെൻട്രൽ ഡിഫൻസിൽ നിന്നും മാറി റൈറ്റ് ബാക്കായി കളിക്കുന്ന പ്രീതം കോട്ടാൽ, ലെഫ്റ്റ് ബാക്കായ നവോച്ച സിങ് എന്നിവരും വലിയ പങ്കു വഹിക്കുന്നുണ്ട്. പ്രീതം കോട്ടാൽ, മാർകോ എന്നിവരുടെ പരിചയസമ്പത്ത് കൂടുതൽ മികവ് നൽകുന്നു.

സീസൺ തുടങ്ങിയതിനു ശേഷം നിർണായകമായ സേവുകൾ കൊണ്ട് ടീമിനെ രക്ഷിച്ചിട്ടുള്ള സച്ചിൻ സുരേഷിന് ഇപ്പോൾ കാര്യമായ പണിയില്ലെന്നതാണ് വാസ്‌തവം. കഴിഞ്ഞ മത്സരങ്ങളിൽ തന്നെ പരീക്ഷിക്കുന്ന ഷോട്ടുകളൊന്നും താരത്തിന് നേരിടേണ്ടി വന്നിട്ടില്ല. എന്തായാലും ഉറച്ചു നിൽക്കുന്ന ഈ പ്രതിരോധം ടീമിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

Kerala Blasters Defense Not Conceded A Goal In 3 Matches