എനിക്കല്ല, എന്റെ പിള്ളേർക്കാണീ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും; ഇവാൻ ഏവരുടെയും പ്രിയപ്പെട്ടവനാകുന്നത് ഇതുകൊണ്ടാണ് | Vukomanovic

അഡ്രിയാൻ ലൂണയുടെ അഭാവത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന അവിശ്വസനീയമായ കുതിപ്പ് അത്ഭുതപ്പെടുത്തുന്ന ഒന്നു തന്നെയാണ്. ലൂണയില്ലാതെ പതറുമെന്ന് പ്രതീക്ഷിച്ച ടീമാണ് തുടർച്ചയായ മൂന്നാമത്തെ മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെ വിജയം നേടിയിരിക്കുന്നത്. ഈ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ കരുത്തരായ മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചത്.

ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ മികച്ച പ്രകടനത്തിൽ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് വലിയ പങ്കുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ലൂണ പരിക്കേറ്റു പുറത്തു പോയതിനു ശേഷമുള്ള മത്സരങ്ങളിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിക്കുന്ന ശൈലിയാണ് പരിശീലകൻ സ്വീകരിച്ചത്. ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തിയുള്ള മിഡ്‌ഫീൽഡും ഇവാന്റെ വിജയം കണ്ട പരീക്ഷണമായിരുന്നു.

എന്നാൽ ടീമിന്റെ മികച്ച പ്രകടനത്തിന് പിന്നിലെ യാതൊരു ക്രെഡിറ്റും തനിക്ക് ആഗ്രഹമില്ലെന്ന് ഇവാൻ കഴിഞ്ഞ ദിവസം തെളിയിച്ചു. മോഹൻ ബഗാനെതിരെ കൊൽക്കത്തയിൽ നേടിയ വിജയത്തിന് ശേഷം ക്യാമറ തനിക്ക് നേരെ വന്നപ്പോൾ ഇവാൻ പറഞ്ഞ വാക്കുകൾ അതിന്റെ തെളിവാണ്. എന്നെയല്ല, എന്റെ പിള്ളേരെ കാണിക്കൂ. അവരാണ് ഈ വിജയം നൽകിയതെന്നാണ് ഇവാൻ പറഞ്ഞത്.

ഇവാൻ വുകോമനോവിച്ച് പരിശീലകനായതിനു ശേഷം മൂന്നാമത്തെ സീസണാണ് ടീമിനൊപ്പമുള്ളത്. ആരാധകർക്ക് ഇത്രയും പ്രിയപ്പെട്ട മറ്റൊരു പരിശീലകൻ ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അതിനുള്ള കാരണം എന്താണെന്നു കൂടിയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാനും അദ്ദേഹത്തിന് ഈ സീസണുകളിൽ കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലെ പ്രകടനത്തിലൂടെ ഈ സീസണിൽ ടീമിന് കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷ ആരാധകർക്ക് വന്നിട്ടുണ്ട്. ഒത്തൊരുമയോടെ എതിരാളികൾക്ക് യാതൊരു പഴുതും അനുവദിക്കാതെ കളിക്കുന്ന താരങ്ങൾ ആ പ്രതീക്ഷ വർധിക്കുന്നു. അവർക്ക് പിന്നിൽ തന്ത്രങ്ങൾ മെനയുന്ന പരിശീലകനിലും ആരാധകർ വലിയ പ്രതീക്ഷയാണ് വെച്ചു പുലർത്തുന്നത്.

Vukomanovic Credits Players For Teams Good Form