ആ വമ്പൻ സൂചനകൾ ഒടുവിൽ സത്യമാകുന്നു, സ്‌പാനിഷ്‌ ക്ലബുമായുള്ള കരാർ പാതിവഴിയിൽ ഉപേക്ഷിച്ച് അൽവാരോ വാസ്‌ക്വസ് | Alvaro Vazquez

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ അൽവാരോ വാസ്‌ക്വസ് താൻ കളിച്ചിരുന്ന സ്‌പാനിഷ്‌ ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചു. സ്പെയിനിലെ മൂന്നാം ഡിവിഷൻ ക്ലബായ എസ്‌ഡി പൊൻഫെറാദിനയാണ് കഴിഞ്ഞ ദിവസം അൽവാരോ വാസ്‌ക്വസ് ക്ലബുമായി കരാർ അവസാനിപ്പിച്ചത് വ്യക്തമാക്കിയത്. ഇതോടെ താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ ശക്തമായിട്ടുണ്ട്.

ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ വന്ന താരമായിരുന്നു അൽവാരോ വാസ്‌ക്വസ്. ആ സീസണിൽ മികച്ച പ്രകടനം നടത്തി ആരാധകരുടെ പ്രിയപ്പെട്ടവനായി മാറാൻ അൽവാരോക്ക് കഴിഞ്ഞിരുന്നെങ്കിലും ആ അതിനു ശേഷം താരം ക്ലബ് വിട്ട് എഫ്‌സി ഗോവയിലേക്ക് ചേക്കേറി. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം നടത്തിയ പ്രകടനം ഗോവക്കൊപ്പം ആവർത്തിക്കാൻ താരത്തിന് കഴിഞ്ഞില്ല.

കഴിഞ്ഞ സീസണിൽ അവസാനിച്ചതോടെ ഗോവ വിട്ട താരം തന്റെ നാടായ സ്പൈനിലേക്ക് തിരിച്ചു പോവുകയായിരുന്നു. കഴിഞ്ഞ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരാനുള്ള താൽപര്യം അൽവാരോ പ്രകടിപ്പിച്ചിട്ടുണ്ട്. അതിനു പുറമെ ഇവാൻ വുകോമനോവിച്ച് റഫറിയിങ്ങിൽ പ്രതിഷേധിച്ച് താരങ്ങളെ കൂട്ടി കളിക്കളം വിട്ടപ്പോഴും അതിന്റെ പേരിൽ വിലക്ക് നേരിട്ടപ്പോഴും അദ്ദേഹത്തിന് അൽവാരോ പിന്തുണ നൽകിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരുമെന്ന സൂചനകൾ അൽവാരോ വാസ്‌ക്വസ് നൽകിയിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ അദ്ദേഹം പോസ്റ്റ് ചെയ്‌ത ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അപ്പോൾ തന്നെ താരം തിരിച്ചു വരുമെന്ന ചർച്ചകൾ ഉയർന്നതാണ്. അതിനു പിന്നാലെയാണ് സ്‌പാനിഷ്‌ ക്ലബുമായുള്ള കരാർ അൽവാരോ അവസാനിപ്പിക്കുകയും ചെയ്‌തിരിക്കുന്നത്‌.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ലൂണക്ക് പകരക്കാരനായി ഒരു താരത്തെ എത്തിക്കാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് അൽവാരോയെ തിരിച്ചെത്തിക്കാനുള്ള സാധ്യത വളരെ വലുതാണ്. ലൂണയുടെ പകരക്കാരനാവാൻ കഴിയില്ലെങ്കിലും നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ടീമിന് സംഭാവന നൽകാൻ താരത്തിന് കഴിയുമെന്ന് ഉറപ്പാണ്. ടീമിന്റെയും ഇന്ത്യയുടേയും സാഹചര്യങ്ങളുമായി ഒത്തുപോകുന്ന ഒരു താരത്തെയാണ് നോക്കുന്നതെന്ന് ഇവാനും പറഞ്ഞിരുന്നു.

Alvaro Vazquez Terminate Contact With Spanish Club