ഇന്ത്യൻ താരങ്ങളെക്കൊണ്ട് ഇവാൻ നടത്തുന്ന മിഡ്‌ഫീൽഡ് വിപ്ലവം, ഇത് ബ്ലാസ്റ്റേഴ്‌സിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന നേട്ടം | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഫോം എതിരാളികൾക്ക് വരെ വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരിക്കുകയാണ്. ലൂണ പോയതോടെ തളരുമെന്നു പ്രതീക്ഷിച്ച ടീമാണ് കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ മികച്ച വിജയം നേടിയത്. അതിൽ തന്നെ മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നീ കരുത്തരായ ടീമുകൾക്ക് യാതൊരു അവസരവും നൽകാതെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

ലൂണ പുറത്തു പോയതോടെ പ്രതിരോധത്തിൽ രണ്ടു വിദേശതാരങ്ങളെ ഇറക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ ശൈലി വിജയം കണ്ടുവെന്ന് ഈ മത്സരങ്ങളിൽ നേടിയ ക്ലീൻഷീറ്റ് വ്യക്തമാക്കുന്നു. അതിന്റെ കൂടെത്തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര നടത്തുന്ന പ്രകടനവും വളരെയധികം പ്രശംസ അർഹിക്കുന്നതാണ്. ഇന്ത്യൻ താരങ്ങളെ മാത്രം വെച്ചു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ ഇവാൻ വുകോമനോവിച്ച് വിപ്ലവമാറ്റം നടത്തുന്നത്.

പഞ്ചാബിനെതിരായ മത്സരത്തിൽ അക്കാദമിയിൽ നിന്നുള്ള മൂന്നു താരങ്ങൾ അടക്കം നാല് മലയാളി താരങ്ങളെയാണ് ഇവാൻ ഇറക്കിയത്. ആ മത്സരത്തിൽ മധ്യനിരക്ക് വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം താരങ്ങൾ നടത്തി. അതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ പ്രധാന താരമായ വിബിൻ മോഹനൻ മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ പരിക്കേറ്റു പുറത്തു പോയതോടെ ടീം തളരുമെന്നു പലരും പ്രതീക്ഷിച്ചു.

എന്നാൽ പഞ്ചാബിനെതിരെ ആദ്യ ഇലവനിൽ ഇറങ്ങിയ ആത്മവിശ്വാസവുമായി വിബിൻ മോഹനന് പകരം ഇറങ്ങിയ അസ്ഹർ മികച്ച പ്രകടനമാണ് ആ മത്സരത്തിൽ നടത്തിയത്. അവിടെ നിന്നും മോഹൻ ബഗാന്റെ മൈതാനത്ത് എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമായി അസ്ഹർ മാറി. വിബിൻ മോഹനന്റെ അഭാവം യാതൊരു തരത്തിലും ടീമിനെ ബാധിച്ചില്ലെന്നു മാത്രമല്ല, ഈ മൂന്നു മത്സരങ്ങളിൽ ഒരു മധ്യനിര താരം നടത്തിയ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്.

അയ്‌മൻ, അസ്ഹർ, വിബിൻ, രാഹുൽ, ഡാനിഷ് ഫാറൂഖ് എന്നിവരാണ് ഈ മത്സരങ്ങളിൽ മധ്യനിരയിൽ ഇറങ്ങിയ ഇന്ത്യൻ താരങ്ങൾ. ഇതിൽ ആദ്യത്തെ മൂന്നു താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് അക്കാദമി വളർത്തി വലുതാക്കിയതാണ്. അതിന്റെ പ്രതിഫലം ഈ താരങ്ങൾ നൽകുന്നതാണ് ഈ മത്സരങ്ങളിൽ കണ്ടത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച അക്കാദമി താരങ്ങൾ കളിക്കുന്ന ടീമെന്നു കേരള ബ്ലാസ്റ്റേഴ്‌സിനെ വിളിച്ചാലും അതിൽ അതിശയോക്തിയില്ല.

ഈ താരങ്ങളെ മികച്ച രീതിയിൽ മാറ്റിയെടുക്കുകയും ഒത്തിണക്കത്തോടെയുള്ള ഒരു മധ്യനിര ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്‌ത ഇവാൻ വുകോമനോവിച്ചും പ്രശംസ അർഹിക്കുന്നുണ്ട്. എന്തായാലും ടീമിന്റെ നിലവിലെ ഫോം ആരാധകർക്ക് സന്തോഷം നൽകുന്നതിനൊപ്പം അക്കാദമിയിലെയും കേരളത്തിലെയും ഇന്ത്യയിലെയും താരങ്ങളെ വെച്ച് മികച്ചൊരു മധ്യനിര വളർത്തിയെടുക്കുന്ന ഇവാന്റെ മികവും ആഹ്ലാദം നൽകുന്ന കാര്യമാണ്.

Kerala Blasters All Indian Midfield Playing Well